
ഓസ്റ്റിൻ: തിളങ്ങുന്ന കടും നീല നിറത്തിലെ മനോഹരമായ ഈ വസ്തുവിനെ കണ്ടിട്ട് എന്ത് തോന്നുന്നു. ? എന്താണെന്നറിയാൻ തൊട്ടുനോക്കാൻ പോയാൽ കഥ മാറും. മനുഷ്യർ തൊടാൻ വന്നാൽ പിന്നെ ഒന്നും നോക്കില്ല, ഒരൊറ്റ കുത്താണ് ' ബ്ലൂ ഡ്രോഗൺ " എന്ന ഈ ആശാൻ. ! പേര് കേൾക്കുമ്പോൾ ഫാന്റസി കഥകളിലെ ഡ്രാഗണെ ഓർമ വരുമെങ്കിൽ ഇത് ശരിക്കുമൊരു കടൽ ജീവിയാണ്.
വളരെ അപൂർവമായാണ് ഇവയെ കാണാൻ കിട്ടുന്നതെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി യു.എസിലെ ടെക്സസിലെ കോർപസ് ക്രിസ്റ്റിയിലെയും മറ്റും ബീച്ചുകളിൽ തലവേദന സൃഷ്ടിക്കുകയാണ് ഇക്കൂട്ടർ. കടുത്ത വിഷമുള്ള ബ്ലൂ ഡ്രാഗണിന്റെ കടിയേറ്റാൽ അതിശക്തമായ വേദനയാണ് അനുഭവപ്പെടുക. ഇവയെ കണ്ടാൽ ഫോട്ടോ പകർത്തിയാലും യാതൊരു കാരണവശാലും തൊടാൻ ശ്രമിക്കരുതെന്നാണ് ബീച്ചിലെത്തുന്നവർക്ക് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
ഗ്ലോക്കസ് അറ്റ്ലാൻഡിക്കസ് എന്നാണ് ബ്ലൂ ഡ്രാഗണിന്റെ ശരിക്കുമുള്ള പേര്. ഇവ യഥാർത്ഥത്തിൽ ഒരു സീ സ്ലഗ് അഥവാ കടൽ ഒച്ചാണ്. മൂന്ന് സെന്റിമീറ്ററോ ഒരിഞ്ചിലേറെയോ വലിപ്പമുള്ള ബ്ലൂഡ്രാഗണുകൾ അറ്റ്ലാന്റിക്, പസഫിക്, ഇന്ത്യൻ സമുദ്രങ്ങളിൽ കാണപ്പെടുന്നു. ജെല്ലിഫിഷുമായി സാദൃശ്യമുള്ള പോർച്ചുഗീസ് മാൻ ഒ വാർ എന്ന കടൽജീവികളെ അകത്താക്കുന്നത് ബ്ലൂ ഡ്രാഗണുകളുടെ ഹോബിയാണ്. മാൻ ഒ വാറിന്റെ ശരീരത്തിലുള്ള വിഷമാണ് ബ്ലൂ ഡ്രാഗൺ തന്റെ ശരീരത്തിൽ ശേഖരിച്ചു വയ്ക്കുന്നത്.
മാത്രമല്ല, ഈ വിഷത്തെ ബ്ലൂ ഡ്രാഗൺ, പോർച്ചുഗീസ് മാൻ ഒ വാറിലേതിനെക്കാൾ തീവ്രതയേറിയ വിഷമാക്കി മാറ്റുന്നു. മനുഷ്യർക്ക് ഇവയുടെ കടിയേറ്റാൽ തലകറക്കം, ഛർദ്ദി ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ ഉണ്ടാകാം. അതിനാൽ ഉടൻ തന്നെ ചികിത്സ അനിവാര്യമാണ്. വളരെ അപൂർവം ചില സന്ദർഭങ്ങളിൽ ഈ വിഷം മനുഷ്യ ജീവന് ഭീഷണിയായേക്കാം.