jj

വിവാഹദിവസം വ്യത്യസ്തമായ രീതിയിൽ ആഘോഷമാക്കാൻ പലരും ശ്രമിക്കാറുണ്ട്,​ ഈയിടെ കല്യാണത്തിനുള്ള കേക്കിൽ കഞ്ചാവ് ചേർത്തതിനെ തുടർന്നുള്ള പ്രശ്നങ്ങൾ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതിന് സമാനമായ മറ്റൊരു സംഭവത്തെക്കുറിച്ചുള്ള വാർത്തകളാണ് പുറത്തുവരുന്നത്. അത്തരത്തിൽ സ്വന്തം വിവാഹദിനത്തിൽ അതിഥികളെ പ്രാങ്ക് ചെയ്യാൻ ശ്രമിച്ച നവവധുവാണ് ഒടുവിൽ കുരുക്കിലായത്. അതിഥികൾക്കുള്ള ഭക്ഷണത്തിൽ കഞ്ചാവ് കലർത്തുകയായിരുന്നു ഇവർ ചെയ്‌തത്. ഫോറിഡ സ്വദേശിയായ വധു ഡാന്യ സ്വോവോഡയും ഭക്ഷണ വിതരണത്തിന് മേൽനോട്ടം വഹിച്ച ജോയ്സെലിൻ ബ്രയാന്റ് എന്ന വനിതയും. ചേർന്ന് ഭക്ഷണത്തിൽ കഞ്ചാവ് കലർത്തുകയായിരുന്നു.

വിവാഹ ചടങ്ങിന് ശേഷം ഭക്ഷണം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഗുരുതര രോഗങ്ങൾക്ക് മരുന്നു കഴിക്കുന്നവരും ഏറെ പ്രായംചെന്നവരും വിവാഹസത്കാരത്തിൽ പങ്കെടുത്തിരുന്നു.

ഡാന്യയുടെയും ഭർത്താവ് ആൻഡ്രൂവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന 70 ആളുകളാണ് ഫെബ്രുവരി 19ന് നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തത്. ആഹാരം കഴിച്ച് അധികം വൈകും മുൻപ് ഭൂരിഭാഗവും ശാരീരികനില മോശമായതിനെ തുടർന്ന്ആംബുലൻസ് വിളിച്ചുവരുത്തുകയായിരുന്നു. കുട്ടികൾക്ക് പ്രത്യേകമായി ഒരുക്കിയ മേശയിലാണ് ഭക്ഷണം വിളമ്പിയിരുന്നത്. എന്നാൽ ഈ ഭക്ഷണത്തിൽ കഞ്ചാവ് കലർത്തിയിരുന്നോ എന്നത് വ്യക്തമല്ല.മുതിർന്ന സ്ത്രീകളിൽ ഒരാൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളമെടുക്കാനായി അവരുടെ മകൾ അടുക്കള ഭാഗത്തേക്ക് പോയിരുന്നു. അവിടെയുണ്ടായിരുന്ന ജോലിക്കാരിൽ നിന്നുമാണ് ഭക്ഷണത്തിൽ കഞ്ചാവ് കലർത്തിയ വിവരം പുറത്തായത്. ഡാന്യയോടും ജോയ്സെലിനോടും ഇതേപ്പറ്റി ചോദിച്ചപ്പോഴും കഞ്ചാവ് കലർത്തി എന്നായിരുന്നു മറുപടിയെന്ന് ഡാന്യയുടെ സുഹൃത്തായ മിറാണ്ടയും പറയുന്നു.

എന്നാൽ തന്റെ പ്രാങ്ക് വിജയിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഡാന്യ. ആൻഡ്രൂവിനോട് തിരക്കിയപ്പോൾ ഇതേപ്പറ്റി തനിക്ക് അറിവില്ല എന്നായിരുന്നു പലർക്കും ലഭിച്ച മറുപടി.പരാതികൾ ഉയർന്നതോടെ അധികൃതർ ആഹാരസാധനങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചു. സത്കാരത്തിൽ പങ്കെടുത്ത അതിഥികളുടെ രക്തസാമ്പിളുകളിൽ എല്ലാം കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തിരുന്നു. കഞ്ചാവ് വിതരണം ചെയ്തതിനും ഭക്ഷണസാധനങ്ങൾ കേടാക്കിയതിനും അതിഥികൾക്ക് ആപത്ത് വരുന്ന തരത്തിൽ അശ്രദ്ധയോടെ പെരുമാറിയതിനുമാണ് ജോയിസെലിനും ഡാന്യയ്ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഇതിൽ ഭക്ഷണ സാധനത്തിൽ കഞ്ചാവ് കലർത്തിയത് മാത്രം 30 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.