kk

തിരുവനന്തപുരം: മീറ്റര്‍ റീഡര്‍മാര്‍ വീട്ടിലെത്തി റീഡിംഗ് രേഖപ്പെടുത്തി ബില്‍ നല്‍കുന്ന സംവിധാനം പുനഃസ്ഥാപിച്ചു കൊണ്ട് വാട്ടര്‍ അതോറിട്ടി എം. ഡി ഉത്തരവിറക്കി. എസ്.എം.എസായി ബില്‍ നല്‍കുന്നതിനെതിരേ പരാതി വ്യാപകമായതോടെ മന്ത്രി റോഷി അഗസ്റ്റിന്‍ സ്‌പോട്ട് ബില്ലിംഗ് സംവിധാനം പുനഃസ്ഥാപിക്കാന്‍ എം. ഡിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് വാട്ടർ അതോറിട്ടി എംഡി എസ്. വെങ്കടേസപതി ഉത്തരവിറക്കുകയായിരുന്നു.

മീറ്റര്‍ റീഡര്‍മാര്‍ വീടുകളിലെത്തി റീഡിംഗ് രേഖപ്പെടുത്തി ബില്‍ നല്‍കുന്ന സംവിധാനമാണു വീണ്ടും നടപ്പാക്കുന്നത്. 6 മാസം മുന്‍പാണു വാട്ടര്‍ ബില്‍ ഓണ്‍ലൈന്‍ വഴിയാക്കിയത്. 2 മാസത്തിലൊരിക്കല്‍ മീറ്റര്‍ റീഡര്‍മാര്‍ വീടുകളിലെത്തി ബില്ലിന്റെ പ്രിന്റൗട്ട് നല്‍കുന്നതായിരുന്നു സ്‌പോട്ട് ബില്ലിംഗ് സംവിധാനം. ഓണ്‍ലൈനിലേക്കു മാറിയതോടെ മീറ്റര്‍ റീഡര്‍മാര്‍ റീഡിംഗ് ഷീറ്റിലെ വിവരങ്ങള്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്തിയ ശേഷം എസ്എംഎസിലൂടെ ബില്‍ അയച്ചുകൊടുക്കുകയായിരുന്നു.

ഉപയോക്താക്കളില്‍ പലര്‍ക്കും യഥാസമയം എസ്എംഎസ് ലഭിക്കുന്നില്ലെന്നും പലരുടെയും മൊബൈല്‍ നമ്പറുകള്‍ ജല അതോറിട്ടി രേഖകളിലില്ലെന്നും പരാതിയുയര്‍ന്നു. പ്രായമായ ഉപയോക്താക്കളുടെ സാങ്കേതിക പരിജ്ഞാനക്കുറവും പ്രശ്‌നങ്ങള്‍ക്കിടയാക്കി. കുടിശികയുടെ പേരില്‍ കണക്ഷന്‍ വിഛേദിക്കാന്‍ ജീവനക്കാര്‍ എത്തുമ്പോഴാണ് ബില്‍ അടച്ചില്ലെന്നതു പലരും അറിയുന്നത്. എസ്എംഎസ് വരുന്ന ബില്‍ ശ്രദ്ധയില്‍ പെടാതെ പോവുകയും തുടര്‍ന്നു വരുന്ന ബില്ലില്‍ മുന്‍ബില്‍ അടയ്ക്കാതതിനാലുള്ള പിഴുയും ചേര്‍ത്ത് പലര്‍ക്കും ബില്‍ അടയ്‌ക്കേണ്ട സാഹചര്യവും മന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സ്‌പോട്ട് ബില്ലിംഗ് പുനഃസ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയത്.

ഇനി മുതൽ ബില്ലിൽ ഉപയോഗിച്ച വെള്ളത്തിന്‍റെ അളവും മുൻ മാസത്തെ മീറ്റർ റീഡിംഗും ഇപ്പോഴത്തെ മീറ്റർ റീഡിംഗും ഉൾപ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നേരത്തെ ഉത്തരവിട്ടിരുന്നു. ഇല്ലെങ്കിൽ പഴയതുപോലെ എല്ലാ വിവരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സ്പോട്ട് ബിൽ നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ജല അതോറിറ്റിയുടെ ഓൺലൈൻ സംവിധാനത്തിന് മേന്മ അവകാശപ്പെടുന്നുണ്ടെങ്കിലും ഇത്തരം ഇടപാടുകൾ കൈകാര്യം ചെയ്യാൻ കഴിയാത്തവർക്ക് അത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് പറഞ്ഞു. താൻ ഉപയോഗിച്ച വെള്ളത്തിന്‍റെ അളവ് അറിയാനുള്ള അവകാശം ഉപഭോക്താവിന് ഉണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. അത് സംബന്ധിക്കുന്ന വിശദ വിവരങ്ങൾ അറിയിക്കാനുള്ള ബാധ്യത ജല അതോറിറ്റിക്കുണ്ട്. അറിയാനുള്ള അവകാശം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഉത്തരവിൽ പറഞ്ഞു.ജല അതോറിറ്റിയുടെ സേവനങ്ങൾ ഓൺലൈനാക്കുന്നതിന്‍റെ ഭാഗമായാണ് എസ് എം എസ് ബില്ലിംഗ് നിലവിൽ വന്നതെന്ന് ജല അതോറിറ്റി മാനേജിംഗ്‌ ഡയറക്ടർ കമ്മീഷനെ അറിയിച്ചു.

ക്വിക്ക് പേ വഴി പണം അടച്ചാൽ 100 രൂപ കുറയും. ഓൺലൈൻ വഴി പണം അടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ കളക്ഷൻ സെന്‍റർ വഴി അടയ്ക്കാമെന്നും റിപ്പോർട്ടിലുണ്ട്.