
ഹൈദരാബാദ്: ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക്ക് സ്കൂട്ടർ പൊട്ടിത്തെറിച്ച് നാൽപതുകാരൻ മരണമടഞ്ഞു. അപകടത്തിൽ ഇദ്ദേഹത്തിന്റെ ഭാര്യക്കും കുട്ടികൾക്കും ഗുരുതരമായി പൊള്ളലേറ്റു. ആന്ധ്രയിലെ വിജയവാഡയിലാണ് സംഭവം. ശിവകുമാറാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ആരതിയും രണ്ട് കുട്ടികളും ഗുരുതരനിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്ക് നാല്പത് ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്.
ബൂം കാർബറ്റ് 14 എന്ന ഇലക്ട്രിക്ക് സ്കൂട്ടറാണ് പൊട്ടിത്തെറിച്ചത്. ഒരുദിവസം മുമ്പ് മാത്രമാണ് ശിവകുമാർ ഈ സ്കൂട്ടർ വാങ്ങിക്കുന്നത്. സംഭവത്തെതുടർന്ന് കമ്പനിക്കും ഡീലർക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രണ്ട് ദിവസം മുമ്പേ പ്യൂവർ ഇവി ഇലക്ട്രിക്ക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് 80കാരൻ മരിച്ചിരുന്നു. ആന്ധ്രയുടെ അയൽസംസ്ഥാനമായ തെലങ്കാനയിലായിരുന്നു സംഭവം. സമാന അപകടങ്ങൾ നേരത്തെയും നടന്നിരുന്നു.
രാജ്യത്ത് ഇലക്ട്രിക്ക് സ്കൂട്ടറുകളുടെ ബാറ്ററികൾ തുടർച്ചയായി പൊട്ടിത്തെറിക്കുന്ന സംഭവത്തിൽ കഴിഞ്ഞ ദിവസം കേന്ദ്ര ഗതാഗത മന്ത്രാലയം ഇടപെട്ടിരുന്നു. ഇലക്ട്രിക് വാഹനങ്ങൾ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ അന്വേഷിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചതായി മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. സമിതി സമർപ്പിക്കുന്ന ശുപാർശകൾ അനുസരിച്ച് ആവശ്യമായ നടപടികൾ വിഷയത്തിൽ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.