kk

തിരുവനന്തപുരം: എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നിൽ അഭിഭാഷകന്‍ രാമന്‍പിള്ളയുടെ ഇടപെടലാണെന്ന് കെ.കെ. രമ എം.എല്‍.എ ആരോപിച്ചു. . ടിപി കേസിലെ ഉന്നതര്‍ ആരൊക്കെയാണെന്നും കേസില്‍ എന്തൊക്കെയാണ് നടന്നതെന്നും വ്യക്തമായി പഠിച്ച അഭിഭാഷകനാണ് രാമന്‍പിള്ള. അദ്ദേഹത്തിനൊപ്പം ഇപ്പോള്‍ സര്‍ക്കാര്‍ നിന്നിട്ടില്ലെങ്കില്‍ പല വിവരങ്ങളും പുറത്തുവരുമെന്ന ഭയം സര്‍ക്കാരിനുണ്ടെന്ന് കെ.കെ. രമ സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി.

രാമന്‍പിള്ള അടക്കമുള്ളവരെ രക്ഷിക്കാന്‍ വേണ്ടിയാണ് ശ്രീജിത്തിനെ തത്സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം ശരിയായ ദിശയില്‍ എത്തില്ലെന്നും രമ പറഞ്ഞു. മികച്ച ഉദ്യോഗസ്ഥര്‍ തന്നെയാണ് അന്വേഷണസംഘത്തിലുള്ളതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ അവര്‍ക്ക് പരിമിതിയുണ്ട്. കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്. അഭിഭാഷകര്‍ തന്നെ നേരിട്ട് മൊഴി മാറ്റുകയാണ്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതിയില്‍ ചോരുകയാണ്.

51 സാക്ഷികളെയാണ് ടി.പി കേസില്‍ കൂറുമാറ്റിയത്. ആ കേസില്‍ പ്രധാനപ്പെട്ട ആളുകളുടെ അഭിഭാഷകനായിരുന്നു രാമന്‍പിള്ള. അപ്പോള്‍ ഇതൊരു പ്രത്യുപകരമാണ്. സി.പി.എമ്മിലെ ചില ആളുകളെ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ രാമന്‍പിള്ളയ്ക്ക് അറിയാമെന്നാണ് എന്റെ വിശ്വാസം. ഇതിനെ ഒരു വില പേശലായിട്ടാണ് ഞാന്‍ കാണുന്നത്. ടി.പി. കേസിലെ ഉന്നതര്‍ ആരൊക്കെയാണെന്നും കേസില്‍ എന്തൊക്കെയാണ് നടന്നതെന്നും കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പഠിച്ച അഭിഭാഷകനാണ് രാമന്‍പിള്ള. അദ്ദേഹത്തിനൊപ്പം ഇപ്പോള്‍ സര്‍ക്കാര്‍ നിന്നിട്ടില്ലെങ്കില്‍ പല വിവരങ്ങളും അദ്ദേഹം പറയുമെന്ന് ഭയം സര്‍ക്കാരിനുണ്ടെന്നും രമ പറഞ്ഞു.