reshma

കണ്ണൂർ: ഹരിദാസ് വധക്കേസിലെ പ്രതിയാണെന്ന് അറിയാതെയാണ് രേഷ്മ നിജിൽദാസിന് വീട് നൽകിയതെന്ന് ബന്ധുക്കൾ. നിജിലിന്റെ ഭാര്യ ദിപിനയുടെ അടുത്ത സുഹൃത്താണ് രേഷ്മ. ദിപിനാന്റി ചോദിച്ചിട്ടാണ് അമ്മ നാല് ദിവസത്തേക്ക് വീട് വാടകയ്ക്ക് കൊടുത്തതെന്ന് പ്ലസ് വൺ വിദ്യാർത്ഥിനിയായ മകൾ പറഞ്ഞു.

ദിവസം 1500 രൂപ വാടകയ്ക്ക് എഗ്രിമെന്റ് ഒപ്പിട്ടശേഷമാണ് വീട് നൽകിയതെന്ന് രേഷ്മയുടെ അച്ഛൻ രാജൻ അറിയിച്ചു. ഭർത്താവ് പ്രശാന്തിന്റെയും തങ്ങളുടെയും സമ്മതത്തോടെയാണ് മകൾ എഗ്രിമെന്റ് എഴുതി വാങ്ങി താക്കോൽ കൈമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.

തങ്ങളുടെയും പ്രശാന്തിന്റെയും കുടുംബം സിപിഎം അനുഭാവികളാണ്. പാർട്ടിക്കു വേണ്ടിയാണ് ഇതുവരെ ജീവിച്ചത്. രേഷ്മ പഠനകാലത്ത് സജീവ എസ്എഫ്ഐ പ്രവർത്തകയായിരുന്നു. ആർ എസ് എസുമായിട്ടോ ബിജെപിയുമായിട്ടോ ഒരിക്കലും അടുപ്പമുണ്ടായിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

പുന്നോൽ അമൃതവിദ്യാലയത്തിലെ അദ്ധ്യാപികയാണ് ധർമടം അണ്ടലൂർ ശ്രീനന്ദനത്തിൽ രേഷ്മ. സ്കൂളിലേക്കും തിരിച്ചും നിജിൽദാസിന്റെ ഓട്ടോയിലായിരുന്നു മിക്ക ദിവസവും യുവതി പോയിരുന്നത്. എട്ടു കിലോമീറ്റർ അകലെ അണ്ടലൂർ കാവിനടുത്ത വീട്ടിലാണ് രേഷ്മയും മക്കളും താമസം. ഭർത്താവ് പ്രശാന്ത് ഗൾഫിലാണ്. രണ്ട് വർഷം മുമ്പാണ് പാണ്ട്യാലമുക്കിൽ വീട് നിർമ്മിച്ചത്.

കുടുംബത്തിന് പാർട്ടിയുമായി ബന്ധമില്ല-- എം.വി. ജയരാജൻ, സി.പി.എം ജില്ലാ സെക്രട്ടറി

നിജിൽദാസ് ഒളിവിൽ കഴിഞ്ഞ വീടിന്റെ ഉടമ പ്രശാന്തിന് സി.പി.എമ്മുമായി ബന്ധമില്ല. പ്രശാന്ത് ആർ.എസ്.എസുമായാണ് ബന്ധം പുലർത്തുന്നത്. 2021ൽ അണ്ടലൂർ കാവിലെ ഉത്സവം ജനക്കൂട്ടമില്ലാതെ നടത്താൻ തീരുമാനിച്ചപ്പോൾ അതിനെതിരെ ആർ എസ് എസിന്റെ നാമജപഘോഷയാത്രയ്ക്ക് സഹായം ചെയ്തത് പ്രശാന്തുൾപ്പെട്ട സംഘമാണ്.