
ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ജമ്മുവിൽ വീണ്ടും സ്‌ഫോടനം. മോദി പങ്കെടുക്കുന്ന റാലി നടക്കുന്ന വേദിയിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള ലാലിയാന ഗ്രാമത്തിലാണ് സ്‌ഫോടനം റിപ്പോർട്ട് ചെയ്തത്.
ഗ്രാമത്തിലെ ഒരു വയലിൽ ഇന്ന് പുലർച്ചയോടെ ശക്തമായ സ്‌ഫോടന ശബ്ദം കേട്ടുവെന്ന് ഗ്രാമവാസികൾ പറഞ്ഞു. ഇതിനെ തുടർന്ന് വയലിൽ ഒരു ചെറിയ ഗർത്തവും രൂപപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ സംഭവത്തിന് തീവ്രവാദികളുമായി ബന്ധമില്ലെന്നും വിശദാംശങ്ങൾ പരിശോധിച്ച് വരികെയാണെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. ഇടിമിന്നലോ ഉൽക്കാശില പതിച്ചതോ ആവാമെന്നാണ് പൊലീസിന്റെ നിഗമനം.

പഞ്ചായത്തിരാജ് ദിനാഘോഷത്തിനായാണ് പ്രധാനമന്ത്രി ഇന്ന് ജമ്മുവിൽ എത്തുന്നത്. അദ്ദേഹത്തിന്റെ സന്ദർശനം അട്ടിമറിക്കാൻ ചാവേറുകൾ എത്തിയിട്ടുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് കാശ്മീരടക്കമുള്ള പ്രദേശങ്ങൾ കനത്ത ജാഗ്രതയിലാണ്.
ഇന്ന് സന്ദർശനം നടക്കാനിരിക്കുന്ന സ്ഥലത്ത് നിന്ന് 17 കിലോമീറ്റർ അകലെ കഴിഞ്ഞ ദിവസം ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ചാവേർ ആക്രമണത്തിന് ശ്രമിച്ചിരുന്നു. ഈ പദ്ധതി സൈന്യം തകർക്കുകയും ആറ് ഭീകരരെ വധിക്കുകയും ചെയ്തു. ഇതിൽ രണ്ട് പേർ ചാവേറുകളായിരുന്നു.
ജമ്മുവിലെ സമ്പാ ജില്ലയിൽ പള്ളി പഞ്ചായത്തിൽ 30,000 ഓളം പേർ പങ്കെടുക്കുന്ന സമ്മേളനത്തെ പ്രധാനമന്ത്രി നേരിട്ട് അഭിസംബോധന ചെയ്യും. ജമ്മു കാശ്മീരിൽ വിജയകരമായി പഞ്ചായത്തിരാജ് തിരഞ്ഞെടുപ്പ് നടന്നതോടെ 12,000 ലധികം വരുന്ന പഞ്ചായത്തംഗങ്ങളെ ഭീകരർ ലക്ഷ്യം വയ്ക്കുകയാണ്. അവർക്ക് ആത്മവിശ്വാസം പകരാൻ കൂടിയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.