malappuram

മലപ്പുറം: അമിതവേഗത്തിലുള്ള ഡ്രൈവിംഗ് ചോദ്യം ചെയ്ത സ്‌‌കൂട്ടർ യാത്രക്കാരായ യുവതികൾക്ക് ന‌ടുറോഡിൽ ക്രൂരമർദനം. മലപ്പുറം പാണമ്പ്രയിലാണ് സംഭവം. തീരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷബീറാണ് സഹോദരിമാരായ പെൺകുട്ടികളെ മർദിച്ചത്.

ദേശീയപാതയായ പാണമ്പ്രയിലെ ഇറക്കത്തിൽ ഏപ്രിൽ 16നാണ് സംഭവം നടന്നത്. പരപ്പനങ്ങാട് കരിങ്കല്ലത്താണി സ്വദേശിനികളായ എം പി മൻസിലിൽ അസ്‌ന കെ അസീസ്, ഹംന കെ അസീസ് എന്നിവർക്കാണ് മർദനമേറ്റത്. ഇരുവരും കോഴിക്കോട് നിന്ന് വീട്ടിലേക്ക് പോവുകയായിരുന്നു. ഈ സമയം അമിതവേഗത്തിലെത്തിയ കാർ സ്‌കൂട്ടറിന്റെ ഇടതുവശത്തുകൂടെ ഓവർടേക്ക് ചെയ്തു. തുടർന്ന് സഹോദരികൾ ഹോണടിച്ച് മുന്നോട്ട് പോവുകയും ഇതിൽ പ്രകോപിതനായ ഇബ്രാഹിം പാണമ്പ്രയിലെ ഇറക്കത്തിൽ വച്ച് കാറ് കുറുകെയിട്ട് സ്‌കൂട്ടർ തടയുകയുമായിരുന്നു.

പിന്നാലെ കാറിൽ നിന്നിറങ്ങിയ യുവാവ് പ്രകോപനമില്ലാതെ തന്നെ സ്‌കൂട്ടറിൽ ഇരിക്കുകയായിരുന്ന സഹോദരിമാരെ മർദിച്ചു. യുവാവ് നിരവധി തവണ യുവതിയുടെ മുഖത്തടിക്കുന്നതും തുടർന്ന് നാട്ടുകാർ ഇടപ്പെട്ടതോടെ കാറിൽക്കയറി കടന്നു കളയുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മറ്റൊരു യാത്രക്കാരനാണ് ദൃശ്യങ്ങൾ പകർത്തിയത്.

പരിക്കേറ്റ പെൺകുട്ടികൾ തീരൂരങ്ങാടി ആശുപത്രിയിൽ ചികിത്സ തേടി. പെൺകുട്ടികൾ പൊലീസിൽ പരാതി നൽകിയെങ്കിലും നിസാര വകുപ്പുകളുടെ പേരിലാണ് കേസ് എടുത്തതെന്നും വധശ്രമമാണ് നടന്നതെങ്കിലും അക്കാര്യം എഴുതിച്ചേർത്തിട്ടില്ലെന്നും പെൺകുട്ടി പറഞ്ഞു. തങ്ങളെ ഇടിച്ചിടാൻ വേണ്ടിതന്നെയായിരുന്നു യുവാവ് വാഹനവുമായി പിന്നാലെയെത്തിയത്. പൊലീസിൽ പരാതി നൽകിയെങ്കിലും ഇന്നലെ മാത്രമാണ് മൊഴിയെടുത്തത്. ഒത്തുത്തീർപ്പിനുള്ള ശ്രമങ്ങളാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് എന്നും പെൺകുട്ടി ആരോപിച്ചു. പ്രാദേശിക ലീഗ് നേതാവിന്റെ മകനാണ് പ്രതിയായ യുവാവ്.