
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കണക്കിൽ വളരെ പെട്ടെന്ന് വർദ്ധനയുണ്ടായതിനെ തുടർന്ന് വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്‌ച വെർച്വലായാകും യോഗം ചേരുക. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വിഷയം അവതരിപ്പിക്കും.
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കൂടി വരികയാണ്. ഇതിൽ രാജ്യതലസ്ഥാനമായ ഡൽഹിയിലാണ് കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ഡൽഹിയോട് ചേർന്ന് കിടക്കുന്ന പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പൊതുഇടങ്ങളിൽ ഇപ്പോൾ മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലും മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ഇന്ന് രാജ്യത്ത് 2593 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ അഞ്ചാം ദിവസമാണ് കേസ് രണ്ടായിരത്തിന് മുകളിലെത്തിയത്. രാജ്യത്തെ ആക്‌ടീവ് കേസുകൾ 15,873 ആണ്. ശനിയാഴ്‌ച 2527 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ചെന്നൈ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് മാത്തമാറ്റിക്കൽ സയൻസസ് ഗവേഷകരുടെ കണ്ടെത്തലനുസരിച്ച് രാജ്യത്തെ ഇൻഫെക്‌ഷൻ നിരക്ക് അറിയാനുളള ആർ വാല്യു അതിവേഗം ഉയർന്നതായും ജനുവരിയ്‌ക്ക് ശേഷം ആദ്യമായി ഒന്നിന് മുകളിലെത്തിയതായും റിപ്പോർട്ടുണ്ട്.
ഏപ്രിൽ 12 മുതൽ 18 വരെ 1.07 ആയിരുന്നു രാജ്യത്തെ ആർ വാല്യു ഏപ്രിൽ 5 മുതൽ 11 വരെ ഇത് 0.93 ആയിരുന്നു. ഉത്തർ പ്രദേശ്, ഹരിയാന, ഡൽഹി, മഹാരാഷ്‌ട്ര, മിസോറാം എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് നിരീക്ഷണം ശക്തമാക്കാൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്ത് നൽകി.