rape

റാഞ്ചി: ജാർഖണ്ഡിൽ പതിനൊന്ന് വയസ് മാത്രമുള്ള പെൺകുട്ടിയെ ആറ് ആൺകുട്ടികൾ ചേർന്ന് പീഡിപ്പിച്ചു. കുന്തി ജില്ലയിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് പത്തിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അയൽ ഗ്രാമത്തിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം രാത്രി കൂട്ടുകാരികൾക്കൊപ്പം വീട്ടിലേക്ക് മടങ്ങവേയാണ് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. വഴിയിൽ തടഞ്ഞു വച്ച പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബലമായി കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ആറ് കുട്ടികളും കൂടി ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട സുഹൃത്തുക്കളാണ് വിവരം മാതാപിതാക്കളെ അറിയിച്ചത്.


പെൺകുട്ടിയുടെ ഭാവിയെ ബാധിക്കുമെന്ന് പേടിച്ച് മാതാപിതാക്കൾ ആദ്യം പൊലീസിൽ അറിയിക്കാൻ മടിച്ചു. എന്നാൽ വ്യാഴാഴ്ചയോടെ പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് പൊലീസ് ആറ് പേരെയും അറസ്റ്റ് ചെയ്തു.