palakkad

പാലക്കാട്: പതിനാറുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തി. പാലക്കാട് കൊല്ലങ്കോട് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നത്. പിറന്നാളാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചായിരുന്നു പെൺകുട്ടിയെ വീട്ടിൽ എത്തിച്ചത്.

കൊല്ലങ്കോട് കിഴക്കേഗ്രാമം അഗ്രഹാരത്തിലെ താമസക്കാരായ ധന്യ, സുബ്രഹ്മണ്യൻ (23) എന്നിവർക്കാണ് പൊള്ളലേറ്റത്. യുവാവും പെൺകുട്ടിയും ഏറെ നാളായി പ്രണയത്തിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. അടുത്തിടെ വീട്ടുകാർ ബന്ധത്തെ എതിർക്കുകയും പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇക്കാരണത്താലാകാം പെൺകുട്ടിയെ തീകൊളുത്തിയ ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പരിസരവാസികൾ പറയുന്നു. പൊള്ളലേറ്റ ഇരുവരെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണ്.

പെൺകുട്ടിയും സുബ്രഹ്മണ്യനും പ്രണയത്തിലായിരുന്നു. പെൺകുട്ടിയ്ക്ക് 18 വയസായതിന് ശേഷം ഇരുവരുടെയും വിവാഹം നടത്താമെന്ന് ഉറപ്പു നൽകിയിരുന്നതായും യുവാവിന്റെ അമ്മ പറഞ്ഞു. പെൺകുട്ടി എത്തിയത് എപ്പോഴാണെന്ന് അറിയില്ലെന്നും യുവാവിന്റെ അമ്മ പറഞ്ഞു.

സംഭവസമയത്ത് സുബ്രഹ്മണ്യത്തിന്റെ മാതാവും സ്‌കൂൾ വിദ്യാർത്ഥിയായ അനുജനും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. കാറ്ററിംഗ് സ്ഥാപനം നടത്തുന്ന പിതാവ് പുറത്തുപോയിരുന്നു. യുവാവിന്റെ മുറിയിൽ നിന്ന് പുക ഉയരുന്നത് കണ്ട മാതാവ് നാട്ടുകാരെ വിവരമറിയിക്കുകയും തുടർന്ന് ഫയർഫോഴ്‌സ് എത്തി തീയണയ്ക്കുകയുമായിരുന്നു. ഫയർഫോഴ്‌സിന്റെ ആംബുലൻസിലാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. രണ്ടുപേർക്കും അൻപത് ശതമാനത്തിലേറെ പൊള്ളൽ ഏറ്റിട്ടുണ്ട്.