pluto

കണ്ടെത്തി 76 വ‌ർഷക്കാലം ഗ്രഹമായിരുന്ന പ്ളൂട്ടോ 2006ലാണ് കുള‌ളൻഗ്രഹമായി മാറിയത്. വികേന്ദ്രീകൃതവും ചരിഞ്ഞതുമായ ഭ്രമണരീതിയാണ് അതിനെ ഗ്രഹപദവിയിൽ നിന്നും മാറ്റാനിടയാക്കിയത്. എന്നാൽ പുതുതായി ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തലനുസരിച്ച് ക്രമരഹിതമായതും ചെറിയ സമയത്തിൽ വലിയ മാറ്റങ്ങൾക്കും വിധേയമാകുന്നതാണ് പ്ളൂട്ടോയുടെ ഭ്രമണരീതിയെന്ന് മനസ്സിലാക്കാനായി.

സൂര്യന് ചുറ്റും പരിക്രമണം ചെയ്യുന്ന മറ്റ് എട്ട് ഗ്രഹങ്ങളുമായി നോക്കുമ്പോൾ വളരെ വ്യത്യസ്‌തമാണ് പ്ളൂട്ടോയുടെ ഭ്രമണപഥം. ഏതാണ്ട് വൃത്താകൃതിയിലെ ഭ്രമണ പഥമാണ് ഗ്രഹങ്ങൾ പിന്തുടരുന്നത്. എന്നാൽ പ്ളൂട്ടോ വളരെ വലിയ ദീർഘവൃത്താകൃതിയിലുള‌ള ഭ്രമണപഥത്തിലാണ് സഞ്ചാരം. 248 വർഷമെടുത്താണ് ഒരു തവണ സ്വന്തം ഭ്രമണപഥത്തിൽ പ്ളൂട്ടോ സൂര്യനെ ചുറ്റുന്നത്. ഒരു തവണ ചുറ്റുന്നതിന് 20 വർഷമെടുക്കും.

തൊട്ടടുത്തുള‌ള നെപ്‌ട്യൂണിന്റെ ഭ്രമണപഥത്തിൽ പ്ളൂട്ടോ എത്താറുണ്ടെങ്കിലും 'മീൻ മോഷൻ റിസോണൻസ്' എന്ന് വിളിക്കുന്ന അവസ്ഥ കാരണം ഇവ തമ്മിലിടിക്കാറില്ല. പ്ളൂട്ടോ സൂര്യനുചുറ്റും രണ്ട് ഭ്രമണം പൂർത്തിയാക്കുമ്പോൾ നെപ്‌ട്യൂൺ മൂന്ന് ഭ്രമണം പൂർത്തിയാക്കും.

ഗവേഷകരുടെ ഈ പുതിയ കണ്ടെത്തലുകൾ 'പ്രൊസീഡിംഗ്‌സ് ഒഫ് ദി നാഷണൽ അക്കദമി ഒഫ് സയൻസ്' എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു. അരിസോണ സർവകലാശാലയിലെ ഡോ.രേണു മൽഹോത്ര, ചിബ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലെ തകാഷി ഇറ്റൊ എന്നിവരാണ് ഇതിൽ ഗവേഷണം നടത്തിയത്. നാസയുടെ ന്യൂ ഹൊറൈസൺസ് മിഷൻ 2015 ജുലായ് 14ന് പ്ളൂട്ടോയെ സന്ദർശിച്ച് ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ചിരുന്നു.