xl6

കൊച്ചി: പ്രീമിയം വിവിധോദ്ദേശ്യ വാഹന ശ്രേണിയിൽ (എം.പി.വി)​ മാരുതി സുസുക്കി നെക്‌സ വിതരണശൃംഖലയിലൂടെ വിപണിയിലെത്തിച്ച് വൻ വില്പനനേട്ടം കൊയ്‌ത മോഡലാണ് എക്‌സ്.എൽ6.
സെമി-കണ്ടക്‌ടർ (ചിപ്പ്)​ ക്ഷാമം,​ അസംസ്കൃതവസ്തുക്കളുടെ വിലവർദ്ധന,​ ഇന്ധനവിലക്കുതിപ്പ് എന്നിങ്ങനെ വാഹന നിർമ്മാണലോകം തിരിച്ചടികളുടെ ഘോഷയാത്രയിലൂടെ കടന്നുപോകുമ്പോഴും സ്ഥിതി ഏറെ വൈകാതെ മെച്ചപ്പെടുമെന്ന ആത്മവിശ്വാസത്തോടെയും പുത്തൻ മോഡലുകളിലൂടെ വിജയിച്ച് കയറാമെന്ന പ്രതീക്ഷയുടെ പിൻബലത്തിലും മാരുതി സുസുക്കി കഴിഞ്ഞദിവസം എക്‌സ്.എൽ6ന്റെ ഫേസ്‌ലിഫ്റ്റ് പുറത്തിറക്കി.
75.8 കെ.ഡബ്ള്യു കരുത്തുള്ള,​ 1.5 ലിറ്റർ,​ കെ15സി,​ 4-സിലിണ്ടർ പെട്രോൾ എൻജിനാണ് പുതിയ പതിപ്പിനുള്ളത്. മികച്ച പെർഫോമൻസ് കാഴ്‌ചവയ്ക്കാനും ഇന്ധനക്ഷമത ഉറപ്പാക്കാനും ഡ്രൈവിംഗ് കൂടുതൽ ലളിതമാക്കാനും സഹായിക്കുന്ന ഡ്യുവവെറ്റ് ടെക്‌നോളജിയുടെ പിന്തുണയുള്ള എൻജിനാണിത്.
പാഡിൽ ഷിഫ്‌റ്റുകളോട് കൂടിയ പുതുപുത്തൻ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ സംവിധാനമുള്ളതാണ് എക്‌സ്.എൽ6 ഫേസ്‌ലിഫ്‌റ്റ്. വെന്റിലേറ്റഡ് മുൻ സീറ്റുകൾ,​ റിമോട്ട്,​ സ്മാർട്ട് വാച്ച്,​ വോയിസ് കമാൻഡ് എന്നിവയോടൊപ്പം ഉപയോഗിക്കാവുന്ന 40ലേറെ ഫീച്ചറുകളോട് കൂടിയ ഇൻ-ബിൽറ്റ് സുസുക്കി കണക്‌ട്,​ രണ്ടാംനിരയിൽ ക്യാപ്‌ടൻ സീറ്റുകൾ എന്നിങ്ങനെ ധാരാളം മികവുകളുമായാണ് പുത്തൻ എക്‌സ്.എൽ6 എത്തുന്നത്.