ferrari

കൊച്ചി: ഫെരാരിയുടെ നാലാമത്തെ പ്ളഗ്-ഇൻ ഹൈബ്രിഡ് മോഡലായ പുതിയ 296 ജി.ടി.എസ് കൺവെർട്ടിബിൾ അവതരിപ്പിച്ചു. ഭാവിയിൽ എല്ലാ മോഡലുകളും പൂർണമായും ഇലക്‌ട്രിക് ആക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇറ്റാലിയൻ സൂപ്പർ ലക്ഷ്വറി സ്പോർട്‌സ് കാർ നിർമ്മാതാക്കളായ ഫെരാരി ഈ ഹൈബ്രിഡ് കൺവെർട്ടിബിൾ അവതരിപ്പിച്ചത്.
എസ്.എഫ് 90 സ്‌ട്രാഡേൽ,​ ഇതിന്റെ കൺവെർട്ടിബിളായ എസ്.എഫ് 90 സ്‌പൈഡർ,​ 296 ജി.ടി.ബി എന്നിവയാണ് കമ്പനി നേരത്തെ പുറത്തിറക്കിയ പ്ളഗ്-ഇൻ ഹൈബ്രിഡ് വണ്ടികൾ. ഉള്ളിലേക്ക് മടക്കിവയ്ക്കാവുന്ന ഹാർഡ് ടോപ്പ് മേൽക്കൂരയാണ് 296 ജി.ടി.എസിനുള്ളത്.
നിലവിലെ സാധാരണ 296 ജി.ടി.എസിന് വില 3 ലക്ഷം യൂറോയാണ് (2.25 കോടി രൂപ)​. കൺവെർട്ടിബിൾ പതിപ്പ് 2023ൽ വിപണിയിലെത്തും. വില അപ്പോഴേ പ്രഖ്യാപിക്കൂ. 122 കെ.ഡബ്ള്യു ഇലക്‌ട്രിക് മോട്ടോറിനൊപ്പം വി8/വി12 എൻജിനാണുണ്ടാവുക. ടോപ് സ്പീഡ് 330 കലോമീറ്റർ.