lic

ന്യൂഡൽഹി: എൽ.ഐ.സിയുടെ പ്രാരംഭ ഓഹരി വില്പനയിലൂടെ (ഐ.പി.ഒ)​ വിറ്റഴിക്കാനുള്ള ഓഹരികൾ മുൻനിശ്ചയിച്ച 5 ശതമാനത്തിൽ നിന്ന് 3.5 ശതമാനത്തിലേക്ക് കുറയ്ക്കാൻ ഡയറക്‌ടർ ബോർഡിന്റെ അംഗീകാരം. നിലവിൽ കമ്പനിയുടെ 100 ശതമാനം ഓഹരികളും കേന്ദ്രത്തിന്റെ കൈവശമാണ്. 5 ശതമാനം ഓഹരികൾ ഐ.പി.ഒയിലൂടെ വിറ്റഴിച്ച് എൽ.ഐ.സിയെ ഓഹരിവിപണിയിൽ ലിസ്‌റ്റ് ചെയ്യാനായിരുന്നു ആദ്യനീക്കം.

പ്രതികൂല സാഹചര്യങ്ങളാലാണ് ലക്ഷ്യം വെട്ടിക്കുറച്ചത്. സമാഹരണലക്ഷ്യം ഇതോടെ 60,​000 കോടി രൂപയിൽ നിന്ന് 21,​000 കോടി രൂപയായി ചുരുങ്ങും. ഡിമാൻഡ് ഉണ്ടെങ്കിൽ 'ഗ്രീൻ ഷൂ" ഓപ്‌ഷൻ പ്രകാരം 9,​000 കോടി രൂപയുടെ ഓഹരികൾ കൂടി വിറ്റഴിക്കാം; അതുവഴി മൊത്തം 30,​000 കോടി രൂപയും നേടാം. നടപ്പുവർഷം പൊതുമേഖലാ ഓഹരിവില്പനയിലൂടെ കേന്ദ്രം ആകെ ലക്ഷ്യമിടുന്നത് 65,​000 കോടി രൂപയാണ്. ഇതിന്റെ മുഖ്യപങ്കും പ്രതീക്ഷിച്ചിരുന്നത് എൽ.ഐ.സി ഐ.പി.ഒ വഴിയും. ലക്ഷ്യം നേടാനായി നടപ്പുവർഷം തന്നെ എൽ.ഐ.സിയുടെ രണ്ടാംഘട്ട ഐ.പി.ഒയും കേന്ദ്രം സംഘടിപ്പിച്ചേക്കും.

വില്പന മേയ് ആദ്യം

സെബിക്ക് സമർപ്പിച്ച അപേക്ഷപ്രകാരം (ഡി.ആർ.എച്ച്.പി)​ മേയ് 12നകം എൽ.ഐ.സിയുടെ ഐ.പി.ഒ നടത്തണം. മേയ് ആദ്യവാരം ഐ.പി.ഒ സംഘടിപ്പിക്കാനാണ് ഇപ്പോൾ ശ്രമം.

പണസമാഹരണമല്ല,​ എൽ.ഐ.സിയെ ഓഹരിവിപണിയിൽ ലിസ്‌റ്റ് ചെയ്യുകയാണ് സുപ്രധാന ലക്ഷ്യമെന്ന് കേന്ദ്രം പ്രതികരിച്ചിട്ടുണ്ട്.