johnpaul

കൊച്ചി: മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവാത്ത ഒരുപിടി നല്ല കഥാപാത്രങ്ങളെ നൽകി മലയാളത്തിന്റെ സ്വന്തം ജോൺപോൾ യാത്രയായി. നാല് പതിറ്റാണ്ട് പിന്നിട്ട സിനിമാജീവിതം അവസാനിപ്പിച്ച് നിത്യതയിലേക്ക് യാത്രയായ അതുല്യ കലാകാരനെ അവസാനമായി കാണാൻ സുഹൃത്തുക്കളും സാധാരണക്കാരുമടക്കം വൻ ജനാവലിയാണ് എത്തിയത്.

രാവിലെ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് വച്ച മൃതദേഹം ചാവറ കൾച്ചറൽ സെന്ററിലും തുടർന്ന് മരടിലെ ഫ്ളാറ്റിലും പൊതുദർശനത്തിന് വയ്‌ക്കും. ശേഷം ഇളംകുളത്തെ പള‌ളിയിൽ സംസ്‌കാരം.

അവസാനമായി ഒരുനോക്ക് കാണാനെത്തിയ നടൻ ഇന്നസെന്റ് 1981ൽ ജോൺപോളിനെ കണ്ടുമുട്ടിയ രംഗം ഓർക്കുന്നു. ബസ് സ്‌റ്റാന്റിൽ നിന്നും ജോൺപോളിനെ കൂട്ടി സംവിധായകൻ മോഹന്റെ അടുത്തെത്തി. അന്ന് ചർച്ച നടത്തി പുറത്തിറക്കിയ ചിത്രമാണ് ഹിറ്റായി മാറിയ 'വിട പറയും മുൻപെ'.ചിത്രത്തിന്റെ നിർമ്മാതാവ് ഇന്നസെന്റായിരുന്നു.

മലയാള സിനിമയിലെ മെഗാ താരങ്ങളായ മോഹൻലാലിനും മമ്മൂട്ടിയ്‌ക്കും കരിയറിൽ മാറ്റം ഉണ്ടാക്കിയ തിരക്കഥാകൃത്താണ് ജോൺപോളെന്ന് ഓർമ്മിച്ചു സംവിധായകൻ സിദ്ദിഖ്. സിനിമയിൽ എന്ത് സംശയമുണ്ടായാലും ഒരു വിളിക്കകലെ നിന്ന് അത് പരിഹരിച്ച് തരുന്ന ജ്യേഷ്‌ഠനെയാണ് നഷ്‌ടപ്പെട്ടതെന്ന് അദ്ദേഹം പറയുന്നു.