modi

ശ്രീനഗർ: കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജനം നടത്തിയതിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കാശ്‌മീരിലെത്തി. ജനാധിപത്യത്തിലും വികസനത്തിലും രാജ്യത്തെ പുതിയ മാതൃകയാണ് കാശ്‌മീരെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ഗ്രാമസഭകളെ അഭിസംബോധന ചെയ്‌ത പ്രധാനമന്ത്രി 20,000 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്‌ഘാടനം ചെയ്‌തു. രാജ്യത്തെ ആദ്യ കാർബൺ ഫ്രീ സോളാർ പഞ്ചായത്തായി കാശ്‌മീരിലെ പാലി ഗ്രാമം തിരഞ്ഞെടുത്തു. ഇവിടെ 500 കിലോവാട്ട് സോളാ‌ർ പ്ളാന്റും പ്രധാനമന്ത്രി തുടക്കം കുറിച്ചു.

വരുന്ന 25 വർഷത്തിനകം കാശ്‌മീരിന്റെ മുഖഛായ മാറ്റുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അമൃത് സരോവർ പദ്ധതിയും 3100 കോടിയുടെ ബനിഹാൾ ക്വാസിഗുണ്ട് റോഡ് ടണലും അദ്ദേഹം ഉദ്ഘാടനം ചെയ്‌തു, ഡൽഹി-അമൃത്‌സർ-കത്ര എക്‌സ്‌പ്രസ്‌ വേയ്‌ക്കുള‌ള ശിലാസ്ഥാപനം പ്രധാനമന്ത്രി നടത്തി. 7500 കോടിയുടേതാണ് പദ്ധതി. 850മെഗാവാട്ടിന്റെ റത്‌ൽ ഹൈഡ്രോഇലക്‌ട്രിക് പ്രൊജക്‌ട് ചെനാബ് നദിയിൽ സ്ഥാപിക്കും. ഇതിന് 5300 കോടിയാണ് ചിലവ് വരിക. സ്വമിത്വാ കാർഡുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നടത്തി.