
പാലക്കാട്: ആർഎസ്എസ് നേതാവായ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ പിടിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഇഖ്ബാൽ, ഗൂഢാലോചനയിൽ പങ്കാളിയായിരുന്ന ഫയാസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കൊലയാളി സംഘത്തിലുണ്ടായിരുന്ന മറ്റ് അഞ്ച് പേരെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഐജി അശോക് യാദവ് പറഞ്ഞു.
കൊലപാതക പരമ്പരയുടെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഏപ്രിൽ 24 വരെ തുടരുമെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു. ഏപ്രിൽ 16നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. നിരോധനാജ്ഞയുടെ ഫലമായി പൊതുയിടങ്ങളിൽ അഞ്ചോ അതിലധികം പേരോ ഒത്തുചേരാൻ പാടില്ല. പൊതുസ്ഥലങ്ങളിൽ യോഗങ്ങൾ പ്രകടനങ്ങൾ ഘോഷയാത്രകൾ എന്നിവയ്ക്കും വിലക്കുണ്ട്. എന്നാൽ അവശ്യസേവനങ്ങൾക്കും ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾക്കും വിലക്ക് ബാധകമല്ല.
ശ്രീനിവാസന്റെ കൊലപാതകത്തിൽ കൃത്യം നടത്തിയവർക്ക് സഹായങ്ങൾ ചെയ്തുകൊടുത്ത നാല് എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ രണ്ട് ദിവസം മുൻപ് അറസ്റ്റിലായിരുന്നു. പാലക്കാട് കൽപ്പാത്തി ശംഖുവാരമേട് സ്വദേശികളായ മുഹമ്മദ് ബിലാൽ (22), മുഹമ്മദ് റിസ്വാൻ (20), ശംഖുവാരത്തോട് സ്വദേശി റിയാസുദ്ദീൻ (35), പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, പാരപ്പത്ത് തൊടി സഹദ് (22) എന്നിവരെയാണ് ടൗൺ സൗത്ത് പൊലീസ് അറസ്റ്റു ചെയ്തത്. കേസിൽ 16 പ്രതികളാണുള്ളത്.