
പാലക്കാട്: ശ്രീനിവാസൻ വധക്കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ജില്ലയിൽ എസ്ഡിപിഐ ശക്തികേന്ദ്രങ്ങളിൽ പൊലീസിന്റെ റെയ്ഡ്. എസ്ഡിപിഐയുടെ പാർട്ടി ഓഫീസുകളിലും വീടുകളിലും ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വൻ പൊലീസ സംഘമാണ് പരിശോധന നടത്തുന്നത്.
കൊലപാതകം ആസൂത്രണം ചെയ്തത് പട്ടാന്പി സ്വദേശിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി. ജില്ലയിൽ പട്ടാമ്പിയും പരിസര പ്രദേശങ്ങളും എസ്ഡിപിഐ സ്വാധീന മേഖലകൾ. ഇവിടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
ശ്രീനിവാസനെ വധിച്ച ശേഷം പ്രതികൾ പട്ടാമ്പിയിൽ ഒളിച്ച് താമസിച്ചതായും വിവരം ലഭിച്ചിരുന്നു. കൊലപാതത്തിൽ നേരിട്ട് പങ്കെടുത്തവരിൽ രണ്ട് പേരെ മാത്രമാണ് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞത്. ശേഷിക്കുന്ന അഞ്ച് പേർക്കുള്ള തിരച്ചിലിന്റെ ഭാഗമായാണ് പരിശോധന. പ്രതികളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ടെത്തി ചോദ്യം ചെയ്ത് പ്രതികളിലേക്കെത്താനാണ് ഈ റെയ്‌ഡെന്ന് പൊലീസ് പറയുന്നു. ഇപ്പോൾ പരിശോധന നടത്തുന്ന പ്രദേശങ്ങളിലെ പലരും ഒളിവിലാണ്.