modi

ശ്രീനഗർ : ഭൂമിയിലെ സ്വർഗം ഇന്ത്യയ്ക്ക് സ്വന്തമായി ഉണ്ട്, എന്നാൽ അവിടം നരകമാക്കാൻ ശ്രമിക്കുകയായിരുന്നു ഏറെ നാളായ നമ്മുടെ അയൽക്കാർ. പറയുന്നത് കാശ്‌മീരിനെ കുറിച്ചാണ്. കാശ്മീർ എന്ന് കേൾക്കുമ്പോൾ മഞ്ഞണിഞ്ഞ മലനിരകളാവില്ല, സുരക്ഷ ഉറപ്പാക്കാനായി ആയുധങ്ങളുമായി റോന്ത് ചുറ്റുന്ന സൈനികരുടെ ചിത്രമാവും ഒരു പക്ഷേ മനസിലുണ്ടാവുക. എന്നാൽ ഇപ്പോൾ കാശ്മീർ ശാന്തമാവുകയാണ്. ശക്തമായ സൈനിക ഇടപെടലിലൂടെ താഴ്വരയിലെ തീവ്രവാദ സാന്നിദ്ധ്യം പരമാവധി കുറച്ചും, ഇടയ്ക്കിടെ ഭീകരരെ അതിർത്തി കടത്തി വിടുന്ന പാകിസ്ഥാന് ഒന്നിലേറെ തവണ ചുട്ട മറുപടി നൽകിയുമാണ് കേന്ദ്ര സർക്കാർ കാശ്മീരിന്റെ ശാന്തത തിരികെ പിടിക്കാൻ തീരുമാനിച്ചത്. ഈ നീക്കം ഫലം ചെയ്തു എന്നാണ് കാശ്മീരിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ നിന്നും മനസിലാക്കാനാവുന്നത്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ കാശ്മീരിൽ സന്ദർശനം നടത്തിയത് മൂന്നര ലക്ഷത്തോളം പേരാണ്. മുൻപ് സീസണിൽ ശരാശരി അരലക്ഷത്തോളം പേരായിരുന്നു താഴ്‌‌വരയിൽ ഉല്ലസിക്കാനെത്തിയിരുന്നത്. വരും മാസങ്ങളിൽ എണ്ണം വീണ്ടും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഞ്ചാരികളുടെ തിരക്കിലമർന്നിരിക്കുകയാണ് വിമാനത്താവളവും, ദാൽ തടാകമുൾപ്പടെയുള്ള സഞ്ചാരികളുടെ ഇഷ്ട സ്ഥലങ്ങളും. ഇവിടെ എത്തുമ്പോൾ ഇത്രയും സുരക്ഷിതമായ സ്ഥലമായിരുന്നോ കാശ്മീർ എന്ന ചിന്തയാണ് സഞ്ചാരികൾക്കുള്ളത്.

കൊവിഡ് കാലത്തിന് ശേഷം കാശ്മീർ വീണ്ടും വിനോദ സഞ്ചാരികളാൽ നിറയുകയാണ്. കഴിഞ്ഞ വർഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും 6.6 ലക്ഷം ആളുകളാണ് താഴ്‌വരയിൽ സന്ദർശനത്തിന് എത്തിയത്. കൊവിഡ് പിടിമുറുക്കിയ 2020ൽ ഇത് കേവലം നാൽപ്പതിനായിരമായിരുന്നു. കൊവിഡിന് മുൻപും സഞ്ചാരികളുടെ എണ്ണം കുറവായിരുന്നു. പ്രത്യേകിച്ച് കേന്ദ്രം ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്നുള്ള പ്രതിഷേധങ്ങളെ ഭയന്നായിരുന്നു ഇത്. എന്നാൽ കഴിഞ്ഞ പത്ത് വർഷത്തെ കണക്കെടുത്താൽ ഇക്കൊല്ലം കാശ്മീരിന് സുവർണ്ണകാലമാണ്. കാശ്മീർ ടൂറിസം ഡയറക്ടറായ ഡോ. ജി എൻ ഇറ്റൂ ഇപ്പോഴത്തെ തിരക്കിനെ ബമ്പർ സീസൺ എന്നാണ് വിശേഷിപ്പിക്കുന്നത്. കാശ്മീരിലേക്കുള്ള യാത്ര സുരക്ഷിതമാണെന്ന് ജനങ്ങൾ വിശ്വസിക്കുന്നതിന്റെ തെളിവാണിത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.