
തിരുവനന്തപുരം : കടുത്ത പ്രതിസന്ധിയിലായ കെ എസ് ആർ ടി സിക്ക് ഇനിയും ശമ്പളത്തിനായി സർക്കാർ സഹായം നൽകാനാവില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു. വകുപ്പ് മന്ത്രിയുടെ നിലപാടിനെ ധനമന്ത്രിയും ശരി വച്ചതോടെ കെ എസ് ആർ ടി സി ജീവനക്കാർക്കിടയിൽ വരും മാസത്തെ വേതനത്തെ കുറിച്ച് ആശങ്ക ഉയർന്നിരിക്കുകയാണ്. ഈ അവസരത്തിൽ മന്ത്രിയുടെ വാദങ്ങളെ തള്ളുകയാണ് സി ഐ ടി യു സംസ്ഥാന അദ്ധ്യക്ഷൻ ആനത്തലവട്ടം ആനന്ദൻ. ശമ്പളം നൽകുന്നില്ലെങ്കിൽ പൊതുഗതാഗത മേഖല വേണ്ടെന്ന് വയ്ക്കുന്നതാണ് നല്ലതെന്ന് ഒരു സ്വകാര്യ ചാനലിനോട് അദ്ദേഹം വെളിപ്പെടുത്തി.
പൊതുമേഖലാ സ്ഥാപനമാണ് കെ എസ് ആർടിസി. സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലുള്ളതാണ് പൊതുഗതാഗത മേഖല. ഇതിനെ മറ്റു വ്യവസായമേഖലയെ പോലെ കാണാനാവില്ല. എത്ര ശ്രമിച്ചാലും പൊതു ഗതാഗതം ലാഭകരമാവില്ല. ലോകത്ത് എവിടെയും ലാഭകരമല്ലെന്നും അത് മനസിലാക്കണമെന്നും ആനത്തലവട്ടം പറഞ്ഞു. സർക്കാർ അനവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഇനിയും അത്തരം സഹായങ്ങൾ വേണ്ടിവരും. ഇല്ലെങ്കിൽ ഗതാഗത മേഖല വേണ്ടെന്ന് വയ്ക്കണമെന്നും സി ഐ ടി യു അദ്ധ്യക്ഷൻ അഭിപ്രായപ്പെട്ടു.
തൊഴിലാളി സംഘടനയുമായി ആലോചിക്കാതെ മാനേജ്‌മെന്റ് സ്വന്തം നിലയിൽ തീരുമാനങ്ങളെടുക്കുന്നു. തിരക്കേറിയ സമയത്ത് വണ്ടി ഓടിക്കാതെ നട്ടുച്ച നേരത്ത് വെറുതെ ഇട്ട് ഓടിക്കുകകയാണ്. കുറേ വണ്ടികൾ വാങ്ങി കൂട്ടിയിട്ടിട്ടുണ്ട്, കേരളത്തിന്റെ റോഡിൽ ഓടാൻ കൊള്ളാത്ത വാഹനങ്ങൾ പോലും വാങ്ങിയിട്ടുണ്ടെന്നും മാനേജ്‌മെന്റിനെ വിമർശിച്ചു കൊണ്ട് ആനത്തലവട്ടം പറഞ്ഞു.