buttermilk

നമുക്ക് എല്ലാം ഏറെ പ്രിയപ്പെട്ട പാനീയമാണ് കേരളത്തിന്റെ സ്വന്തം മോര്. വേനൽ കാലത്ത് ശരീരത്തെ തണുപ്പിക്കാൻ ഏറ്റവും അനുയോജ്യമായ ഒന്ന് കൂടിയാണിത്. വേനലിൽ നിന്ന് ആശ്വാസം നൽകുന്നതിനപ്പുറം ഊർജവും ആരോഗ്യവും തരുന്നതിനാൽ മോര് ഇഷ്ടപ്പെടാത്ത ആളുകൾ വിരളമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുന്ന ഹെൽത്ത് കോൺഷ്യസായ പലരും മറ്റുള്ളവർക്ക് വേനൽ കാലത്ത് സ്ഥിരം കുടിക്കണമെന്ന് നിർദേശിക്കുന്ന മോരിന് വളരെയധികം ഗുണങ്ങളാണുള്ളത്.

ഒരു ഗ്ലാസ് മോരില്ലാതെ എന്ത് വേനൽ എന്നാണ് പലരുടെയും പക്ഷം. ഡോക്ടർമാർ വരെ നിർദേശിക്കുന്ന മോര് ഇന്നുള്ളതിൽ വച്ച് ഏറ്റവും ആരോഗ്യകരമായ പാനീയമായിട്ടാണ് പലരും വിലയിരുത്തുന്നത്. പാല് പുളിപ്പിച്ചുണ്ടാക്കിയ നല്ല കട്ട തൈരും അതിനൊപ്പം കുറച്ച് പച്ചമുളക്, ഇഞ്ചി, കറിവേപ്പ്, മല്ലിയില തുടങ്ങിയവയൊക്കെ ചേർത്ത് നല്ല പോലെ അടിച്ചെടുത്ത് തണുത്ത വെള്ളവും ചേർത്ത് കുറച്ച് ഉപ്പുമിട്ട് കുടിക്കുമ്പോൾ കിട്ടുന്ന സുഖമൊന്നും ഒരു കുലുക്കി സർബത്തിനും കിട്ടില്ലെന്നാണ് പലരും പറയുന്നത്.

buttermilk

ദഹനത്തെ ത്വരിതപ്പെടുത്തുക, എല്ലുകളെയും പല്ലുകളെയും ബലപ്പെടുത്തുക, കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം എന്നിവയുടെ അളവ് നിയന്ത്രിക്കുക, ചർമ്മത്തിന്റെ തിളക്കം മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് മോരിന്റെ ഗുണങ്ങൾ. വെറും 245 മില്ലി മോരിൽ എട്ട് മില്ലിഗ്രാം പ്രോട്ടീൻ, 22 ശതമാനം കാൽസ്യം, 22 ശതമാനം വിറ്റാമിൻ ബി 12, മൂന്ന് മില്ലിഗ്രാം ഫൈബർ, 16 ശതമാനം സോഡിയം എന്നിവയാണ് അടങ്ങിയിട്ടുള്ളത്. എന്നാൽ ഇത്രയധികം ഗുണങ്ങളുള്ള മോരിന് ചില പ്രധാനപ്പെട്ട പാർശ്വഫലങ്ങളും ഉണ്ടെന്ന കാര്യം ഭൂരിഭാഗം പേർക്കും അറിയില്ല.

മറ്റ് പാൽ ഉത്പന്നങ്ങളിൽ നിന്ന് വ്യത്യസ്തമായി, മോരിൽ വളരെയധികം സോഡിയം അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന രക്തസമ്മർദ്ദം ഉള്ളലവരിലും വൃക്ക സംബന്ധമായ രോഗങ്ങളുള്ളവരിലും വലിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കിയേക്കാം. ദീർഘകാല അടിസ്ഥാനത്തിലുള്ള സോഡിയത്തിന്റെ ഉപയോഗം വൃക്കയുടെ പ്രവർത്തനത്തെ തന്നെ ബാധിച്ചേക്കാം. ഈ പ്രശ്നങ്ങളെ വഷളാക്കാനുമുള്ള കഴിവ് സോഡിയത്തിനുണ്ട്. അതിനാൽ ഈ പറഞ്ഞ പ്രശ്നങ്ങളുള്ളവർ മോര് കുടിക്കുന്നത് പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്.

buttermilk

രാത്രികാലങ്ങളിൽ മോര് കുടിക്കുന്നത് പനിയും ജലദോഷവും വരുത്തി വയ്ക്കാൻ കാരണമാകും. അതിനാൽ സന്ധ്യയ്ക്ക് ശേഷം മോര് കുടിക്കുന്നത് കഴിവതും ഒഴിവാക്കുക. മോരിൽ ധാരാളം പ്രോബയോട്ടിക്കുകളുണ്ട്. ഈ ബാക്ടീരിയകളാണ് ആമാശയത്തിലെ ദഹനത്തെ ശരിയായ രീതിയിൽ നടത്തുവാൻ സഹായിക്കുന്നത്. എന്നാൽ ഈ ബാക്ടീരിയകൾ കുട്ടികളുടെ ശരീരത്തിന് അത്ര നല്ലതല്ല. കുട്ടികൾ മോര് അധികമായി കുടിക്കുന്നത് ജലദോഷത്തിനും തൊണ്ടയിൽ അണുബാധയ്ക്കും കാരണമാകും. ലാക്ടോസ് അലർജിയുള്ളവർ യോതൊരു കാരണവശാലും മോര് കുടിക്കരുത്. അത് അവരിൽ വലിയ തോതിലുള്ള അലർജിക്കും കാരണമായേക്കാം.

buttermilk