vazhvanthol

തിരുവനന്തപുരത്തെ പേരൂർക്കട നെടുമങ്ങാട് പ്രദേശങ്ങൾ പിന്നിടുന്നതോടെ നഗരത്തിന്റെ മുഖമാകെ മാറിത്തുടങ്ങും. നഗരത്തിന്റെ ഓട്ടവും വെപ്രാളവും കുറഞ്ഞു ഗ്രാമത്തിന്റെ നിശബ്ദതയിലേക്കും മനോഹാരിതയിലേക്കും വഴിമാറിത്തുടങ്ങും. കുറച്ച് ദൂരം കൂടി പിന്നിട്ടാൽ വിതുരയിലേത്താം. അവിടെനിന്നും ബോണക്കാട് വഴി സ്വ‌ർഗസുന്ദരമായ വാഴ്‌വാന്തോൾ വെള്ളച്ചാട്ടത്തിലെത്തിച്ചേരാം.

കേരളത്തിലെ അതിമനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് വാഴ്‌വാന്തോൾ. വനംവന്യ ജീവി വകുപ്പും ചാത്തൻകോട് ഇക്കോ കമ്മിറ്റിയും ചേർന്നാണ് വാഴ്‌വാന്തോൾ വെള്ളച്ചാട്ടത്തിലേക്ക് ട്രെക്കിംഗ് പാക്കേജ് ഒരുക്കിയിരിക്കുന്നത്. പത്ത് പേരടങ്ങുന്ന ഗ്രൂപ്പിന് 1000 രൂപയാണ് പ്രവേശന ഫീസ്. ഇതിനൊപ്പം ഒരു ഗൈഡിന്റെ സേവനവും ലഭ്യമാകും. പാക്കേജ് എടുക്കുന്നവർക്ക് മാത്രമേ വെള്ളച്ചാട്ടത്തിലേക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് ട്രെക്കിംഗ് സമയം.

-waterfalls

ബോണക്കാട് മലയുടെ താഴ്‌വാരത്തായാണ് വാഴ്‌വാന്തോൾ വെള്ളച്ചാട്ടമുള്ളത്. ബോണക്കാട് പാലത്തിന് അടിയിലൂടെ ഒഴുകിയെത്തുന്ന വാഴ്‌വാന്തോടും മറ്റ് നീരുറവകളും ചേർന്നാണ് വെള്ളച്ചാട്ടമായി രൂപാന്തരം പ്രാപിക്കുന്നത്. ചെക്ക് പോസ്റ്റിൽ നിന്ന് കാട്ടിലൂടെ നാല് കിലോമീറ്റർ നടന്നാൽ വെള്ളച്ചാട്ടത്തിനരികിൽ എത്താം. യാത്രക്കിടയിൽ ആനകളെയും മറ്റ് കാട്ടുമൃഗങ്ങളെയും കാണാൻ സാധിക്കും.

vazhvanthol-waterfalls

അതിമനോഹരവും ശുദ്ധവുമായ വെള്ളച്ചാട്ടത്തിൽ എത്തുമ്പോൾ നടന്നു വന്നതിന്റെ എല്ലാ ക്ഷീണവും പമ്പ കടക്കും. മഴക്കാലമായാൽ നീരൊഴുക്ക് വർദ്ധിക്കും. പലഭാഗങ്ങളിലും ചുഴികളും ഗർത്തങ്ങളും രൂപപ്പെടുത്തതിനാൽ അപകസാദ്ധ്യതയും ഇക്കാലത്ത് ഏറെയാണ്. ട്രെക്കിംഗ് തുടക്കത്തിൽ അനായാസമായി തോന്നാമെങ്കിലും പാറക്കെട്ടുകളും ഇടുങ്ങിയ ഒറ്റയടിപ്പാതയും താണ്ടി വേണം വെള്ളച്ചാട്ടത്തിനരികിൽ എത്താൽ. യൂക്കാലിയും മാഞ്ചിയവും ഈറ്റയും ഒക്കെ കടന്നാണ് വെള്ളച്ചാട്ടത്തിനരികിലേക്ക് എത്തുന്നത്.

ഒറ്റയടിപ്പാതയും പാറക്കെട്ടുകളും പിന്നിട്ട് വാഴ്‌വാന്തോട് എത്തിച്ചേർന്നു കഴിഞ്ഞാൽ വെള്ളച്ചാട്ടത്തിന്റെ ഒച്ച ഉച്ചത്തിൽ കേൾക്കാനാവും. പന്ത്രണ്ടടിയോളം ഉയരമുള്ള പാറക്കെട്ടിൽ നിന്നും വെള്ളം താഴേക്ക് വീഴുന്നതിന്റെ ഉഗ്രശബ്ദമാണ് കേൾക്കാൻ സാധിക്കുക. വെള്ളച്ചാട്ടത്തിലേക്കെത്താൻ കൃത്യമായി വഴിവെട്ടിയിട്ടില്ല. വാഴ്‌വാന്തോട് കടന്ന് ഏകദേശം ഒരു കിലോമീറ്റർ നടത്തം കഴിഞ്ഞാൽ നമ്മുടെ ലക്ഷ്യസ്ഥാനമായ വാഴ്‌വാന്തോൾ വെള്ളച്ചാട്ടം എത്തിച്ചേരുകയായി. മുപ്പതടിയോളം ഉയരമുള്ള കരിമ്പാറയിൽ നിന്ന് താഴേക്ക് പ്രവഹിക്കുന്ന ജലധാര ഏവരുടെയും മനസ് കുളിർപ്പിക്കുമെന്നുറപ്പാണ്.