
ബംഗളൂരു: കേരളവും മഹാരാഷ്ട്രയുമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാരിൽ കൊവിഡ് വാക്സിന്റെ രണ്ട് ഡോസ് എടുക്കാത്തവർക്ക് കർണാടകയിൽ പ്രവേശിക്കുക എന്നത് ബാലികേറാമല പോലെ കടുപ്പമാണ്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ കാര്യത്തിൽ ഇത്രയേറെ ശുഷ്കാന്തി കാണിക്കുന്ന കർണാടക സ്വന്തം ജനങ്ങളുടെ കാര്യത്തിൽ അത്ര കടുംപിടുത്തം കാണിക്കുന്നില്ലെന്ന് കണക്കുകൾ പറയുന്നു.
ഏപ്രിൽ 23 വരെയുള്ള കണക്കുകൾ അനുസരിച്ച് കർണാടകയിലെ 15 ജില്ലകളിൽ നിന്നും ജനറൽ വിഭാഗത്തിലെ ഒരാൾ പോലും കൊവിഡ് വാക്സിന്റെ മൂന്നാം ഡോസ് സ്വീകരിച്ചിട്ടില്ല. 18 മുതൽ 59 വയസ് വരെയുള്ളവരെയാണ് ജനറൽ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ബെല്ലാരി, ബഗൾക്കോട്ട്, ഹസൻ, റായിച്ചൂർ, മാണ്ഡ്യ, ബിദർ, ചിത്രദുർഗ, കോളാർ, ഹവേരി, കൊപ്പാൾ, ചിക്കബലപ്പുര, ഗഡഗ്, യദ്ഗീർ, ചമരാജനഗർ, രാമനഗർ എന്നീ ജില്ലകളിൽ നിന്നുള്ളവരാണ് ഇതുവരെയായും കൊവിഡ് വാക്സിന്റെ മൂന്നാം ഡോസ് എടുക്കാത്തത്. അതേസമയം വിജയപുര ജില്ലയിൽ ശനിയാഴ്ച മൂന്ന് പേർ ആദ്യമായി മൂന്നാം ഡോസ് വാക്സിൻ എടുത്തതായി കണക്കുകൾ വ്യക്തമാക്കുന്നു.
മൂന്നാം ഡോസ് സൗജന്യമല്ലാത്തതിനാലാണ് വാക്സിൻ സ്വീകരിക്കാൻ ആരും തയ്യാറാകാത്തതിന് കാരണമെന്ന് കരുതുന്നു. 389 രൂപയാണ് മൂന്നാം ഡോസ് വാക്സിന് വേണ്ടി കർണാടകയിലെ ആശുപത്രികൾ ഈടാക്കുന്നത്. ഇതിനു പുറമേ മിക്ക ആശുപത്രികളിലും വാക്സിൻ ദൗർലഭ്യവും അനുഭവപ്പെടുന്നുണ്ട്. ബെല്ലാരിയിലെ ഒരു സ്വകാര്യ ആശുപത്രിയും കൊവിഡ് വാക്സിന് വേണ്ടിയുള്ള പുതിയ ഓർഡർ നൽകിയിട്ടില്ലെന്ന് സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകർ പറഞ്ഞു. വാക്സിൻ സൗജന്യമല്ലെന്നതിന് പുറമേ ദൗർലഭ്യവും ഈ സാഹചര്യത്തിന് പിന്നിലുണ്ടെന്ന് അധികൃതർ കരുതുന്നു.