
കൊയിലാണ്ടി: യെമനിൽ ഹൂതി വിമതസേന ബന്ദിയാക്കിയ മലയാളികളായ കൊയിലാണ്ടി മേപ്പയ്യൂർ വിളയാട്ടൂർ പറമ്പിൽ ദിപാഷ്, കോട്ടയം സ്വദേശി ശ്രീജിത്ത്, ആലപ്പുഴ സ്വദേശി അഖിൽ എന്നിവർക്ക് മോചനം.ഇവരടക്കം കപ്പലിലുണ്ടായിരുന്ന ഏഴ് ഇന്ത്യക്കാരെയും മറ്റു രാജ്യക്കാരായ നാലുപേരെയും വിമതസേന മോചിപ്പിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഉടൻ നാട്ടിലെത്തിക്കുമെന്ന് വിവരം ലഭിച്ചതായി ദിപാഷിന്റെ അച്ഛൻ കേളപ്പൻ പറഞ്ഞു.
സൗദി-ഹൂതി തർക്കത്തിനിടയിലാണ് ജനുവരി രണ്ടിന് ഇവർ സഞ്ചരിച്ച യു.എ.ഇയുടെ ചരക്ക് കപ്പൽ അൽഹുദയിൽ നിന്ന് ഭീകരർ പിടിച്ചെടുത്തത്.
ഇന്ത്യൻ മഹാസമുദ്രത്തിലെ യെമനിലെ സൊകോത്ര ദ്വീപിൽ നിന്ന് സൗദിയുടെ ജസാനിലേക്ക് സൗദി ഫീൽഡ് ആശുപത്രി മാറ്റുന്നതിന്റെ ഭാഗമായി ആംബുലൻസുകൾ, മെഡിക്കൽ കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ, മൊബൈൽ അടുക്കളകൾ, അലക്കുശാലകൾ, സാങ്കേതിക, സുരക്ഷാ ഉപകരണങ്ങൾ തുടങ്ങിയവയുമായി പോവുകയായിരുന്നു കപ്പൽ.
നയതന്ത്രതലത്തിൽ ഇവരുടെ മോചനത്തിനായി കേന്ദ്രസർക്കാർ ശ്രമം നടത്തിവരികയായിരുന്നു. റംസാൻ മാസം കഴിയുന്നതോടെ യുദ്ധം ശക്തമാകാൻ സാദ്ധ്യതയുള്ളതിനാൽ ഖാലിദ് ഫറാജ് ഷിപ്പിംഗ് കമ്പനി മുൻകൈയെടുത്ത് മോചനം ഉറപ്പാക്കിയതെന്ന് അറിയുന്നു.