gffg

കീവ് : യുക്രെയിനിൽ റഷ്യൻ അധിനിവേശം രണ്ടു മാസം പിന്നിടുമ്പോൾ ഇരു രാജ്യങ്ങളും സന്ദർശിക്കാനുള്ള യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി. ആദ്യം റഷ്യയും പിന്നീട് യുക്രെയിനും സന്ദർശിക്കാനുള്ള ഗുട്ടെറസിന്റെ തീരുമാനംനീതിക്ക് നിരക്കാത്തതാണെന്ന് സെലൻസ്കി കുറ്റപ്പെടുത്തി. നാളെ മോസ്കോ സന്ദർശിക്കുന്ന ഗുട്ടെറസ്, വ്യാഴാഴ്ചയാണ് കീവിലെത്തുമെന്ന് അറിയിച്ചിരിക്കുന്നത്. 'യുദ്ധം യുക്രെയ്നിലാണ്. മോസ്‌കോയുടെ തെരുവുകളിൽ മൃതദേഹങ്ങളില്ല. ആദ്യം യുക്രെയ്നിലെത്തി അവിടുത്തെ ജനങ്ങളെയും അധിനിവേശത്തിന്റെ ദുരിതവും നേരിട്ടുകാണുന്നതിലാണ് ന്യായമെന്ന് ' സെലൻസ്‌കി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടത്താൻ തയാറാണെന്നും സെലൻസ്‌കി വ്യക്തമാക്കി.

യുക്രെയിൻ - റഷ്യ സമാധാന ചർച്ചകൾക്ക് മദ്ധ്യസ്ഥത വഹിക്കുന്ന തുർക്കി സന്ദർശിച്ചതിനുശേഷമാണ് ഗുട്ടെറസ് ഇരുരാജ്യങ്ങളും സന്ദർശിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. അതേ സമയം റഷ്യൻ സൈന്യം ആറ് ക്രൂസ് മിസൈലുകൾ ഉപയോഗിച്ച് ഒഡേസയിൽ ആക്രമണം നടത്തിയതായി യുക്രെയിൻ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഒഡേസയിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്നു മാസം പ്രായമുള്ള കുഞ്ഞടക്കം എട്ടുപേരും ലുഹാൻസ്‌ക് മേഖലയിൽ നടത്തിയ ഷെല്ലിങ്ങിൽ ആറു പേർ കൊല്ലപ്പെട്ടു.യുക്രെയ്നിലെ വ്യാവസായികനഗരമെന്നറിയപ്പെടുന്ന ഡോൺബാസ് മേഖലയിൽ ശക്തമായ പോരാട്ടം നടക്കുകയാണ്. ഡൊണേട്സ്‌ക്, ലുഹാൻസ്‌ക് മേഖലകളിലും ആക്രമണം കനക്കുകയാണ്. രണ്ടു മേഖലകളിലും 24 മണിക്കൂറിനിടെ എട്ടു റഷ്യൻ ആക്രമണങ്ങളാണ് യുക്രെയിൻ സൈന്യം പ്രതിരോധിച്ചതെന്നാണ് വിവരം.

ഏഷ്യൻ രാജ്യങ്ങൾ യുക്രെയിനോടുള്ള സമീപനം മാറ്റണം

റഷ്യൻ അധിനിവേശത്തെ തുടർന്ന് യൂറോപ്പ്യൻ രാജ്യങ്ങളുടേത് പോലെ ഏഷ്യൻ രാജ്യങ്ങളും യുക്രെയിനോടുള്ള മനോഭാവം മാറ്റണമെന്ന് അഭ്യർത്ഥിച്ച് വൊളൊഡിമിർ സെലൻസ്‌കി. റഷ്യൻ ആക്രമണത്തിനെതിരെ ധീരമായി ചെറുത്തു നില്പ്പു നടത്തുന്ന യുക്രെയ്‌ന്റെ പോരാട്ടം,​ യൂറോപ്യൻ രാജ്യങ്ങളുടെ രാജ്യത്തോടുള്ള സമീപനത്തിൽ മാറ്റം വരുത്താൻ ഇടയാക്കി. ഇതിന് സമാനമായി ഏഷ്യൻ രാജ്യങ്ങളും യുക്രെയിനോടുള്ള അവരുടെ മനോഭാവം മാറ്റാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ യു.എൻ മനുഷ്യാവകാശ കൗൺസിലിലെ റഷ്യയുടെ അംഗത്വം താത്ക്കാലികമായി നിർത്തിവയ്ക്കാൻ വോട്ടെടുപ്പ് നടത്തിയപ്പോൾ 93 രാജ്യങ്ങൾ അനുകൂലിച്ചും 24 രാജ്യങ്ങൾ എതിർത്തും 58 പേർ വിട്ടുനില്ക്കുകയും ചെയ്തിരുന്നു. വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്ന രാജ്യങ്ങളിലേറെയും ഏഷ്യൻ രാജ്യങ്ങളായിരുന്നു. ഇതിനെ തുടർന്നാണ് സെലൻസ്കിയുടെ പരാമർശം.