
കൊച്ചി : മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്ത് ജോൺപോളിന് സാംസ്‌കാരിക കേരളം വിട നൽകി. കൊച്ചി സെന്റ് മേരീസ് സൂനൂറോ സിംഹാസന പള്ളിയിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
ഔദ്യോഗിക ബഹുമതിക്ക് ശേഷം മൃതദേഹം സംസ്കാര ശുശ്രൂഷയ്ക്കായി പള്ളിയിലേക്കെടുത്തു. യാക്കോബായ സഭ അസിസ്റ്റന്റ് കാതോലിക്ക ജോസഫ് മാർ ഗ്രിഗോറിയോസ് സംസ്കാര ശുശ്രൂഷയ്ക്ക് മുഖ്യകാർമികനായി.
എറണാകുളം ടൗൺ ഹാളിലെ പൊതുദർശനത്തിൽ സിനിമാ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പേർ അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തി. .മന്ത്രി പി.രാജീവും സംസ്ഥാന സർക്കാരിന് വേണ്ടി ജില്ലാ കളക്ടർ ജാഫർ മാലിക്കും ആദരാഞ്ജലി അർപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കൊച്ചി കാരയ്ക്കാമുറി ചാവറ കൾച്ചറൽ സെന്ററിലെത്തി ജോൺപോളിന് ആദരാഞ്ജലി അർപ്പിച്ചു. . മന്ത്രി സജി ചെറിയാൻ ജോൺപോളിന്റെ മരടിലെ വസതിയിൽ എത്തിയാണ് ആദരാഞ്ജലി അർപ്പിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ജോൺപോളിന്റെ അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ മരണം. കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓർമയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലിൽ ഇത്തിരിനേരം, ഈറൻ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങിയ ചിത്രങ്ങൾ ജോൺപോളിന്‍റെ സൃഷ്ടികളാണ്. കമൽ സംവിധാനം ചെയ്ത വിനായകന്‍ നായകനായ 'പ്രണയമീനുകളുടെ കടൽ 'എന്ന ചിത്രത്തിന്‍റെ തിരക്കഥയാണ് അദ്ദേഹം ഒടുവിൽ എഴുതിയത്.