
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം റിപ്പോർട്ട് ചെയ്തു. താഴെ അബ്ബന്നൂരിലെ ചീരി - രങ്കൻ ദമ്പതികളുടെ രണ്ട് മാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് കൂക്കൻ പാളയം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
കഴിഞ്ഞ വർഷം നവംബറിൽ നാലു ദിവസത്തെ ഇടവേളയിൽ നാല് കുഞ്ഞുങ്ങൾ അട്ടപ്പാടിയിൽ മരിച്ചതിനെ തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടറിനാണ് ഇതുസംബന്ധിച്ച നിർദ്ദേശം മന്ത്രി നൽകിയത്. അഗളി പഞ്ചായത്തിലെ കതിരംപതി ഊരിലുള്ള രമ്യ - അയ്യപ്പൻ ദമ്പതികളുടെ പത്തു മാസം പ്രായമായ പെൺകുഞ്ഞായിരുന്നു ഇതിനുമുമ്പ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ട അവസാനത്തെ ശിശുമരണം. ഈ വർഷം ഇതുവരെ 11 കുട്ടികൾ മരിച്ചെന്നാണ് കണക്ക്.
പത്തുമാസം പ്രായമായ പെൺകുഞ്ഞ് ഡൗൺസിൻട്രോം ബാധിച്ച് ചികിത്സയിലായിരുന്നു. പനി ബാധിച്ച് അഗളി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി തിരികെ വീട്ടിലെത്തിയപ്പോൾ കുട്ടിക്ക് അനക്കമുണ്ടായിരുന്നില്ല. ഉടൻ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.
ശിശുമരണം ആവർത്തിക്കുമ്പോൾ ഐ.ടി.ഡി.പിയും ആരോഗ്യവകുപ്പും പരസ്പരം പഴിചാരുകയായിയരുന്നു. അട്ടപ്പാടിയിലെ ചികിത്സാ സംവിധാനങ്ങളുടെ അഭാവമാണിതിന് കാരണമെന്ന് ആക്ഷേപമുയർന്നിരുന്നു.