
വാഷിംഗ്ടൺ : ന്യൂമെക്സിക്കോയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ കാട്ടു തീ പടർന്നു പിടിച്ചതിനെ തുടർന്ന് വ്യാപക നഷ്ടം. ശക്തമായ കാറ്റിനെ തുടർന്ന് തീ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കാൻ തുടങ്ങിയതോടെ പർവതനിരകൾക്ക് താഴെയുള്ള ഗ്രാമങ്ങളിൽ താമസിക്കുന്ന ആയിരത്തോളം പേരെ ഒഴിപ്പിച്ചു. ന്യൂമെക്സിക്കോയിലെ ലാസ് വാഗസിന്റെ വടക്കു പടിഞ്ഞാറായി കൂടിച്ചേർന്ന രണ്ടു കാട്ടുതീകൾ, മണിക്കൂറിൽ 121 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച കാറ്റിലൂടെയാണ് 200 ലധികം വീടുകൾക്ക് കനത്ത നാശനഷ്ടം വരുത്തിയത്. തീ നിയന്ത്രണ വിധേയമാക്കാൻ കഴിയാത്തതിനെ തുടന്ന് സ്‌കൗട്ട് റാഞ്ചിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. കാട്ടുതീ രൂക്ഷമാകുന്ന സാഹചര്യത്തിൽ കോൾഫാക്സ്, ലിങ്കൺ, സാൻ മിഗുഎൽ, വാലെൻസിയ എന്നിവിടങ്ങളിൽ ഗവർണർ ലുജാൻ ഗ്രിഷാം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ വിറകുകൾ ഉപയോഗിക്കുന്നത് വിലക്കിയ ഗവർണർ തീ പടരുന്നെന്ന മുന്നറിയിപ്പ് ലഭിക്കുമ്പോൾ തന്നെ പ്രദേശം ഒഴിയണമെന്ന് ഗ്രാമവാസികളോട് അഭ്യർത്ഥിച്ചു.