sankaranarayanan

പാലക്കാട്: കേരളത്തിന്റെ മുൻ ധനകാര്യമന്ത്രി കെ ശങ്കരനാരായണൻ അന്തരിച്ചു. 90 വയസായിരുന്നു. മഹാരാഷ്ട്രയടക്കം അഞ്ച് സംസ്ഥാനങ്ങളിലെ ഗവർണറായും യു ഡി എഫ് കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. മഹാരാഷ്ട്ര കൂടാതെ നാഗാലാൻഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഗവർണറായും അരുണാചൽ പ്രദേശ്, അസം, ഗോവ എന്നിവിടങ്ങളുടെ അധിക ചുമതലയും അദ്ദേഹം വഹിച്ചിരുന്നു.

കേരളത്തിൽ വിവിധ മന്ത്രിസഭകളിലായി നാലു തവണ മന്ത്രിയായി. നീണ്ട 16 വർഷം യു ഡി എഫിന്റെ കൺവീനറായും സേവനമനുഷ്ഠിച്ചു. പാലക്കാടുള്ള സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. ദീർഘനാളുകളായി സുഖമില്ലാതെ കിടക്കുകയായിരുന്നു.

1977ൽ തൃത്താലയിൽനിന്നാണ് ശങ്കരനാരായണൻ ആദ്യമായി നിയമസഭയിലെത്തുന്നത്. പിന്നീട് ശ്രീകൃഷ്ണപുരം(1980), ഒറ്റപ്പാലം(1987), പാലക്കാട്(2001) എന്നിവിടങ്ങളിൽനിന്നും തിരഞ്ഞെടുപ്പ് വിജയങ്ങൾ നേടി. 1977-78ലെ കെ. കരുണാകരൻ, എ.കെ. ആന്റണി സർക്കാരുകളിലും 2001-04ലെ എ.കെ. ആന്റണി സർക്കാരിലും മന്ത്രിയായിരുന്നു. 1977-78ൽ കൃഷി, സാമൂഹിക ക്ഷേമ വകുപ്പു മന്ത്രിയായിരുന്നു. ആന്റണി മന്ത്രിസഭയിൽ ധനകാര്യ-എക്‌സൈസ് വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്.