
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ പഞ്ചാബിന് ജയം. മേഘാലയയെ എതിരില്ലാത്ത ഒരു ഗോളിനാണ് പഞ്ചാബ് തോൽപ്പിച്ചത്. ഇതോടെ നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും രണ്ട് തോൽവിയുമായി ആറ് പോയിന്റോടെ പഞ്ചാബ് ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
നാല് മത്സരങ്ങളിൽ ഒരു ജയവും ഒരു സമനിലയും രണ്ട് തോൽവിയുമായി നാല് പോയിന്റോടെ മേഘാലയയാണ് ഗ്രൂപ്പിൽ നാലാമത്. എല്ലാ മത്സരങ്ങളും തോറ്റ രാജസ്ഥാൻ ഗ്രൂപ്പിൽ ഏറ്റവും അവസാന സ്ഥാനത്താണ്. അഞ്ചാമത്. നേരത്തെ ഗ്രൂപ്പ് എയിൽ നിന്ന് കേരളവും വെസ്റ്റ് ബംഗാളും സെമി ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു.
മലയാളി ഗോൾകീപ്പർ ആന്റണി മോസസിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് പഞ്ചാബ് അവസാന മത്സരത്തിന് ഇറങ്ങിയത്. മോസസ് തന്നെയാണ് കളിയിലെ മികച്ച താരവും. ആദ്യ പകുതിയിൽ ഇരുടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ഗോൾ മാത്രം നേടാൻ സാധിച്ചില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലീഡെടുത്ത പഞ്ചാബ് മത്സരത്തിന്റെ അവസാനം വരെ ലീഡ് നിലനിർത്തുകയായിരുന്നു. രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനുട്ടിനുള്ളിൽ തന്നെ പഞ്ചാബ് ലീഡ് എടുത്തിരുന്നു. 47 ാം മിനിട്ടിൽ മദ്ധ്യനിരയിൽ നിന്ന് ഇന്ദ്രവീർ സിങ് നൽകിയ പാസിൽ അമർപ്രീത് സിങിന്റെ വകയായിരുന്നു ഗോൾ. ഗോൾ വഴങ്ങിയതിന് ശേഷം ഉണർന്നു കളിച്ച മേഘാലയക്ക് പക്ഷേ ഗോൾ മടക്കാൻ സാധിച്ചില്ല.