
പാലക്കാട്: കൊല്ലങ്കോട് കിഴക്കേ ഗ്രാമത്തിന്റെ ഞെട്ടൽ ഇതുവരെയായും മാറിയിട്ടില്ല. ഇവിടെയാണ് യുവാവും പെൺകുട്ടിയും വീട്ടിനകത്തെ മുറിയിൽ തീകൊളുത്തി ജീവനൊടുക്കിയത്. കിഴക്കെ ഗ്രാമത്തിൽ സുബ്രഹ്മണ്യൻ, കൊല്ലങ്കോട് പാവടി സ്വദേശിനിയായ ധന്യ എന്നിവരാണ് ഞായറാഴ്ച രാവിലെ ഏഴുമണിയോടെ യുവാവിന്റെ വീട്ടിനുള്ളിൽ വച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്.
സംഭവം നടക്കുമ്പോൾ സുബ്രഹ്മണ്യന്റെ അമ്മ രാധയും അനിയൻ ഗണേഷും അച്ഛന്റെ സഹോദരങ്ങളുമാണ് വീട്ടിലുണ്ടായിരുന്നത്. സുബ്രഹ്മണ്യന്റെ അച്ഛൻ പൂജയ്ക്കു പോയിരുന്നു. ഏറെക്കാലം അടുത്തടുത്ത വീടുകളിൽ താമസിച്ചിരുന്ന സുബ്രഹ്മണ്യനും പെൺകുട്ടിയും ഇഷ്ടത്തിലായിരുന്നെന്നും ഇരുവരുടെയും വീട്ടുകാർ തമ്മിൽ സംസാരിച്ച്, പെൺകുട്ടിക്ക് പ്രായമാകുന്ന മുറയ്ക്കു വിവാഹം നടത്തിക്കൊടുക്കാമെന്ന് ധാരണയിലെത്തിയിരുന്നതായും അയൽവാസികൾ പറഞ്ഞു. എന്നിട്ടും എന്തിനാണ് ഇരുവരും ഈ കടുംകൈയ്ക്ക് മുതിർന്നതെന്നാണ് നാട്ടുകാർക്കും മനസിലാകാത്തത്.
സുബ്രഹ്മണ്യത്തിന്റെ മുറിയിൽ നിന്നും തീ പടരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാർ വാതിൽ തുറന്നപ്പോൾ ശരീരത്തിൽ തീപടർന്ന അവസ്ഥയിൽ ആദ്യം സുബ്രഹ്മണ്യനും പിന്നാലെ പെൺകുട്ടിയും പുറത്തേക്ക് വന്നു. അപ്പോൾ മാത്രമാണ് പെൺകുട്ടി മുറിയിലുണ്ടായിരുന്ന വിവരം വീട്ടുകാർ പോലും അറിയുന്നത്. പൊള്ളലേറ്റ ഇരുവരേയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കൊല്ലങ്കോട്, നെന്മാറ, തൃശൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ എത്തിച്ച ശേഷമാണ് ഇരുവരെയും എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നത്.