
നിലമ്പൂർ: ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി കഴിഞ്ഞ ഒരാഴ്ച ജില്ലയിൽ നടത്തിയ പരിശോധനയിൽ പഴകിയതും ഫോർമാലിൻ സാന്നിധ്യം കണ്ടെത്തിയതുമായ 410 കിലോ മത്സ്യം ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടിച്ചെടുത്ത് നശിപ്പിച്ചു. മത്സ്യങ്ങളിൽ വ്യാപകമായ രീതിയിൽ മായം ചേർക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്. മത്സ്യത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചവയിൽ നിന്നുമാണ് 410 കിലോയോളം വരുന്ന മത്സ്യം ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയത്.
കൊണ്ടോട്ടി, തിരൂർ മൊത്ത വ്യാപാര ചന്തകൾ, നിലമ്പൂർ, പോത്തുകല്ല്, പൊന്നാനി, നരിപ്പറമ്പ്, വണ്ടൂർ എന്നിവിടങ്ങളിലെ ചില്ലറ വില്പന സ്റ്റാളുകൾ തുടങ്ങിയവയിൽ പരിശോധന നടന്നിരുന്നു. മത്സ്യം കേടാവാതിരിക്കുന്നതിനായി ഫോർമാലിൻ, അമോണിയ എന്നിവ ചേർക്കുന്ന പ്രവണത വർദ്ധിച്ചുവന്ന സാഹചര്യത്തിൽ ഓപറേഷൻ സാഗർ റാണിയുടെ ഭാഗമായി ജില്ലയിൽ കഴിഞ്ഞ വർഷം 857 കിലോയോളം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം കണ്ടെത്തി നശിപ്പിച്ചിരുന്നു.
സഞ്ചരിക്കുന്ന ഭക്ഷ്യ സുരക്ഷാ ലബോറട്ടറി ഉപയോഗിച്ചാണ് പരിശോധനകൾ തുടരുന്നത്. വരും മാസങ്ങളിലും ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് ജില്ലാ ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണർ സി.ആർ രൺദീപ് അറിയിച്ചു. ഭക്ഷ്യ സുരക്ഷാ ഓഫീസർമാരായ ജി.എസ് അർജുൻ, ഡോ: വി.എസ് അരുൺകുമാർ, ഡോ: മുഹമ്മദ്, കെ.സി മുസ്തഫ, പി. അബ്ദുൾറഷീദ്, യു.എം ദീപ്തി എന്നിവരുടെ നേതൃത്വത്തിലായിരിന്നു സ്‌ക്വാഡുകൾ പ്രവർത്തിച്ചിരുന്നത്.