
ലക്നൗവിനോട് മുംബയ് 36 റൺസിന് തോറ്റു,
കെ.എൽ രാഹുലിന് സെഞ്ച്വറി
മുംബയ്: ഐ.പി.എല്ലിൽ പുതിയ സീസണിലും മുംബയുടെ കഷ്ടകാലം അവസാനിക്കുന്നില്ല. തുടർച്ചയായ എട്ടാം മത്സരത്തിലും മുംബയ് തോറ്റു. ഇന്നലെ നടന്ന മത്സരത്തിൽ ലക്നൗ സൂപ്പർ ജയിന്റ്‌സാണ് 36 റൺസിന് മുംബയ്‌യെ കീഴടക്കിയത്. ക്യാപ്ടൻ കെ.എൽ രാഹുലിന്റെ സെഞ്ച്വറിയുടെ പിൻബലത്തിൽ ആദ്യം ബാറ്റ് ചെയ്ത ലക്നൗ സൂപ്പർ ജയിന്റ്സ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടി. മറുപടിക്കിറങ്ങിയ മുംബയ്ക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ക്യാപ്ടൻ രോഹിത് ശർമ്മയ്ക്കും (31 പന്തിൽ 39), യുവതാരം തിലക് വർമ്മയ്ക്കും (27 പന്തിൽ 38) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായുള്ളൂ. ഫോം കണ്ടെത്താൻ വിഷമിക്കുന്ന ഇഷാൻ കിഷൻ 20 പന്ത് നേരിട്ട് റൺസ് മാത്രമെടുത്ത് പുറത്തായി. ലക്നൗവിനായി ക്രുണാൽ പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനറങ്ങിയ ലക്നൗ നിരയിൽ മറ്റുള്ളവർ പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്നപ്പോൾ ഒറ്റയാൾ പ്രകടനവുമായി രാഹുൽ ടീമന്റെ നട്ടെല്ലാവുകയായിരുന്നു. 62 പന്ത് നേരിട്ട് രാഹുൽ 12 ഫോറും 4 സിക്സും ഉൾപ്പെടെ 103 റൺസ് നേടി.രാഹുലിന്റെ സീസണിലെ രണ്ടാം സെഞ്ച്വറിയാണിത്. മനീഷ് പാണ്ഡെ 22 റൺസെടുത്തു. മുംബയ്ക്കായി മെറിഡിത്തും പൊള്ലാഡും 2 വിക്കറ്റ് വീതം വീഴ്ത്തി.