
പാരീസ്: ഫ്രഞ്ച് ജനത വിധിയെഴുതിയപ്പോൾ 20 വർഷത്തിനിടെ രണ്ടാം വട്ടവും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്റ് എന്ന നേട്ടം ഇമ്മാനുവൽ മാക്രോണിന് സ്വന്തമാകുമെന്ന് ഏറെക്കുറെ ഉറപ്പായി. ഇന്നലെ രാത്രി വൈകി വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ, പ്രാഥമിക ഫല സൂചനകൾ അനുസരിച്ച്ഇമ്മാനുവൽ മാക്രോൺ എതിർ സ്ഥാനാർത്ഥി മരീൻ ലെ പെന്നിനേക്കാൾ മുന്നിലാണ്. നിലവിലെ ഫലസൂചനയനുസരിച്ച് മാക്രോൺ 57-58.5 % വോട്ടും പെൻ 41.5 - 43 % വോട്ടുമാണ് നേടിയത്.മേയ് 13ന് പുതിയ പ്രസിഡന്റ് അധികാരമേൽക്കും.
ഇന്നലെ രണ്ടാം റൗണ്ട് വോട്ടെടുപ്പിൽ 60 ന് മുകളിലായിരുന്നു പോളിംഗ് ശതമാനം.കഴിഞ്ഞ തവണയും പെന്നായിരുന്നു മാക്രോമിന്റെ എതിരാളി. വിലക്കയറ്റം, റഷ്യ–യുക്രെയിൻ യുദ്ധം അഭയാർത്ഥി പ്രതിസന്ധി തുടങ്ങിയവ പെന്നും, പെന്നിന്റെ തീവ്ര വലതു നിലപാടുകൾ മാക്രോണും പ്രചരണായുധങ്ങളാക്കി.
അധികാരത്തിലെത്തിയാൽ രാജ്യത്ത് മുസ്ലിം സ്ത്രീകൾ ശിരോവസ്ത്രം ധരിക്കുന്നത് നിരോധിക്കുമെന്നും അഭയാർത്ഥി പ്രവാഹം നിയന്ത്രിക്കുമെന്നും പെൻ പ്രഖ്യാപിച്ചത് ന്യൂനപക്ഷങ്ങൾക്കിടയിൽ കടുത്ത അതൃപ്തിയുണ്ടാക്കിയിരുന്നു. ഇത് വോട്ടെടുപ്പിൽ തിരിച്ചടിയായെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഏപ്രിൽ 10 ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 12 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. ഇവരിൽ മാക്രോണിന് 27.85 ശതമാനം വോട്ടും ലെ പെന്നിന് 23.1 ശതമാനം വോട്ടുകളും ലഭിച്ചിരുന്നു.