sreenivasan

പാലക്കാട്: ആർ എസ് എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളുടെ വീടുകളിൽ പൊലീസ് ഇന്നലെ പരിശോധന നടത്തിയിരുന്നു. ഇതിനിടെ ചിലർ കസ്റ്റഡിയിലായതായി റിപ്പോർട്ടുകളുണ്ട്.

ഇന്നലെ അറസ്റ്റിലായ അബ്ദുൾ റഹ്മാനെന്ന ഇക്ബാലുമായി ഇന്ന് തെളിവെടുപ്പ് നടത്തും. ആറംഗ കൊലയാളി സംഘത്തിൽ ഒരാളാണ് ഇക്ബാൽ. ഇയാൾ ഒളിവില്‍ കഴിഞ്ഞിരുന്ന കോങ്ങാട് മേഖലയിലാണ് തെളിവെടുപ്പ്. കേസിൽ ഇതുവരെ ഒൻപതുപേരാണ് അറസ്റ്റിലായത്.

ഏപ്രിൽ പതിനാറിന് ഉച്ചയ്‌ക്ക് മേലാമുറി ജംഗ്‌ഷനിലെ സ്വന്തം കടയിൽവച്ചാണ് ശ്രീനിവാസൻ ആക്രമണത്തിനിരയായത്. കൊലയാളികൾ രണ്ടു ബൈക്കിലും ഒരു സ്കൂട്ടറിലുമാണ് എത്തിയത്. വാഹനത്തിന് പിന്നിലിരുന്ന മൂന്നുപേരാണ് കടയ്ക്ക് അകത്തേക്ക് പാഞ്ഞുകയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്. ഇക്ബാലാണ് സ്കൂട്ടർ ഓടിച്ചത്.