
പാരീസ്: ഫ്രാൻസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇമ്മാനുവൽ മാക്രോണിന് ചരിത്ര വിജയം. 20 വർഷത്തിനിടെ രണ്ടാം വട്ടവും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്റ് എന്ന നേട്ടമാണ് 44കാരനായ മാക്രോൺ സ്വന്തമാക്കിയത്.
58.2 ശതമാനം വോട്ടോടെയാണ് ലാ റിപ്പബ്ലിക് ഓൺ മാർഷ് പാർട്ടി സ്ഥാനാർത്ഥിയായ ഇമ്മാനുവൽ മാക്രോൺ വിജയിച്ചത്. തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ റാലിയുടെ നേതാവ് മറൈൻ ലെ പെൻ 41.8 ശതമാനം വോട്ട് സ്വന്തമാക്കി.
പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പോരാട്ടത്തിൽ 53കാരിയായ ലീ പെൻ നേരിടുന്ന മൂന്നാം തോൽവിയാണിത്. 2017ൽ മാക്രോണിനോട് തന്നെയാണ് ഇവർ തോൽവി ഏറ്റുവാങ്ങിയത്. മേയ് 13ന് മാക്രോൺ അധികാരമേൽക്കും.

അതേസമയം വിജയിച്ചില്ലെങ്കിൽ വിരമിക്കാൻ പദ്ധതിയിട്ടിരുന്നതായുള്ള റിപ്പോർട്ടുകൾ പെൻ തള്ളി. ഫ്രാൻസിനോടുള്ള തന്റെ പ്രതിബദ്ധത തുടരുമെന്നും, ഏതാനും ആഴ്ചകൾക്കുള്ളിൽ നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിനായി തയ്യാറെടുപ്പ് ആരംഭിച്ചതായും അവർ പറഞ്ഞു.
വിലക്കയറ്റം, റഷ്യ–യുക്രെയിൻ യുദ്ധം അഭയാർത്ഥി പ്രതിസന്ധി തുടങ്ങിയവ പെന്നും, പെന്നിന്റെ തീവ്ര വലതു നിലപാടുകൾ മാക്രോണും പ്രചരണായുധങ്ങളാക്കിയിരുന്നു. അധികാരത്തിലെത്തിയാൽ രാജ്യത്ത് മുസ്ലിം സ്ത്രീകൾ ശിരോവസ്ത്രം ധരിക്കുന്നത് നിരോധിക്കുമെന്നും അഭയാർത്ഥി പ്രവാഹം നിയന്ത്രിക്കുമെന്നും പെൻ പ്രഖ്യാപിച്ചത് ന്യൂനപക്ഷങ്ങൾക്കിടയിൽ കടുത്ത അതൃപ്തിയുണ്ടാക്കിയിരുന്നു. ഇത് വോട്ടെടുപ്പിൽ തിരിച്ചടിയായെന്നാണ് വിലയിരുത്തപ്പെടുന്നത്.

റഷ്യൻ ഭരണകൂടവുമായുള്ള പെന്നിന്റെ അടുത്ത ബന്ധം വോട്ടർമാരെ അവർക്കെതിരാക്കിയെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. ഫ്രാൻസിനെ യൂറോപ്യൻ യൂണിയനിൽ നിന്ന് വേർപെടുത്തണമെന്നായിരുന്നു പെന്നിന്റെ നിലപാട്. എന്നാൽ യൂറോപ്യൻ യൂണിയനു പിന്നിൽ അടിയുറച്ചു നിൽക്കുന്ന പാർട്ടിയാണ് ഇമ്മാനുവൽ മാക്രോണിന്റെത്.
അതിനാൽത്തന്നെ യൂറോപ്യൻ യൂണിയൻ നേതാക്കൾ മാക്രോണിന്റെ വിജയത്തിൽ അഭിനന്ദമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇത് യൂറോപ്യൻ യൂണിയൻ ഐക്യത്തിന്റെ വിജയമാണെന്ന് നേതാക്കൾ പറഞ്ഞു. ഇമ്മാനുവൽ മാക്രോണിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദമറിയിച്ചു. ഇന്ത്യയും ഫ്രാൻസുമായുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരാൻ താൻ ആഗ്രഹിക്കുന്നുവെന്ന് മോദി പറഞ്ഞു.
Congratulations to my friend @EmmanuelMacron on being re-elected as the President of France! I look forward to continue working together to deepen the India-France Strategic Partnership.
— Narendra Modi (@narendramodi) April 25, 2022
ഏപ്രിൽ 10 ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 12 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇവരിൽ മാക്രോണിന് 27.85 ശതമാനം വോട്ടും ലെ പെന്നിന് ലഭിച്ചത് 23.1 ശതമാനം വോട്ടുകളാണ്. ആദ്യ റൗണ്ടിൽ ഒന്ന്, രണ്ട് സ്ഥാനത്തെത്തുന്ന സ്ഥാനാർത്ഥികളാണ് രണ്ടാം റൗണ്ടിൽ മത്സരിച്ചത്.