
കഷ്‌ടതകൾ അനുഭവിക്കുന്ന സാധാരണക്കാരെ സഹായിക്കുന്നതിൽ എപ്പോഴും മുൻപന്തിയിലാണ് നടൻ സുരേഷ് ഗോപി. കൊടുക്കുന്ന വാക്ക് കൃത്യമായി താരം പാലിക്കാറുണ്ട്. ഇപ്പോഴിതാ പറഞ്ഞ വാക്ക് വീണ്ടും പാലിച്ചിരിയ്‌ക്കുകയാണ് സുരേഷ് ഗോപി. കേരളത്തിലെ മിമിക്രി കലാകാരന്മാർക്ക് ധനസഹായം നൽകാമെന്ന വാഗ്‌ദ്ധാനമാണ് നടൻ പാലിച്ചത്.
ഒരു പരിപാടിയ്‌ക്കിടെയാണ് കൊവിഡ് പ്രതിസന്ധിക്കിടയിൽ കഷ്‌ടപ്പെടുന്ന മിമിക്രി കലാകാരന്മാരെ സഹായിക്കുന്നതിനായി തന്റെ ഓരോ സിനിമയുടെയും പ്രതിഫലത്തിൽ നിന്നും രണ്ടു ലക്ഷം രൂപ സംഭാവന ചെയ്യുമെന്ന് താരം പറഞ്ഞത്.
നേരത്തെ 2021 ലും മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷന് താരം രണ്ട് ലക്ഷം നൽകിയിരുന്നു. നടൻ രമേഷ് പിഷാരടിയായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.
ഇത്തവണ 'ഒറ്റക്കൊമ്പൻ' എന്ന സിനിമയ്ക്ക് ലഭിച്ച അഡ്വാൻസ് തുകയിൽ നിന്നാണ് സുരേഷ് ഗോപി രണ്ടു ലക്ഷം രൂപ ധനസഹായമായി നൽകാനൊരുങ്ങുന്നത്. ഒറ്റക്കൊമ്പന് ലഭിച്ച അഡ്വാൻസിൽ നിന്നും രണ്ടുലക്ഷം ഇന്ന് തന്നെ മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷന് നൽകുമെന്ന് താരം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം.

കടുവാക്കുന്നേൽ കുറുവച്ചൻ എന്ന യഥാർത്ഥ കഥാപാത്രത്തെ ആസ്‌പദമാക്കിയുള്ളതാണ് ഒറ്റക്കൊമ്പൻ. നിലവിൽ ചില നിയമപ്രശനങ്ങൾ ചിത്രം നേരിടുന്നുണ്ട്. കഥയിലെ സാമ്യത ആരോപിച്ച് പൃഥ്വിരാജ് നായകനായെത്തുന്ന കടുവ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തിന്റെ പരാതിയിന്മേൽ കഴിഞ്ഞ രണ്ട് വർഷമായി ഒറ്റക്കൊമ്പൻ കേസിൽ കുടുങ്ങിക്കിടക്കുകയാണ്.