
സോഷ്യൽ മീഡിയയിലൂടെയാണ് ഏറ്റവും കൂടുതൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നത്. ഫോട്ടോയോ കുറിപ്പോ എന്തുമാകട്ടെ, സൈബറിടത്തിൽ പോസ്റ്റ് ചെയ്യുമ്പോൾ നൂറ് വട്ടം ആലോചിക്കണം. പലപ്പോഴും നമ്മൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത രീതിയിലായിരിക്കും നെറ്റിസൺസ് അത് വ്യാഖ്യാനിക്കുക.
അത്തരത്തിൽ ഒരു ചിത്രം പോസ്റ്റ് ചെയ്ത് 'പണി കിട്ടിയിരിക്കുകയാണ്' തെലുങ്കിലെ പ്രശസ്ത ഗായിക സുനിത ഉപാദ്രാസ്തയ്ക്ക്. മാങ്ങയ്‌ക്കൊപ്പമുള്ള ഫോട്ടോയാണ് ഗായിക പങ്കുവച്ചത്. 'എന്റെ ആദ്യ വിളയ്‌ക്കൊപ്പം' എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം.
ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഗായിക സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത രീതിയിലുള്ള കമന്റുകളാണ് വന്നത്. ഗർഭിണിയാണോ എന്നായിരുന്നു എല്ലാവർക്കും അറിയേണ്ടത്. 'ഭ്രാന്തായോ' എന്ന് ചോദിച്ചുകൊണ്ട് ഗായിക മറ്റൊരു കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്.