kailash

കൊച്ചി: അനശ്വര കഥകളും കഥാപാത്രങ്ങളും ബാക്കിയാക്കി പ്രശസ്ത തിരക്കഥാകൃത്ത് ജോൺ പോൾ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് അന്തരിച്ചത്. ഉദരരോഗങ്ങളും ശ്വാസകോശ പ്രശ്നങ്ങളും മൂലം മൂന്നു മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഔദ്യോഗിക ബഹുമതികളോടെ കൊച്ചിയിലായിരുന്നു സംസ്കാരം നടന്നത്. കഴിഞ്ഞ ജനുവരിയിൽ ജോൺ പോളിന് അനുഭവിക്കേണ്ടി വന്ന ദുരനുഭവം പങ്കുവയ്ക്കുകയാണ് നടൻ കൈലാഷ്. കട്ടിലിൽ നിന്ന് വീണ ജോൺ പോളിന് അഞ്ചുമണിക്കൂറോളം നിലത്ത് കിടക്കേണ്ടി വന്ന സാഹചര്യമാണ് കൈലാഷ് വിവരിച്ചത്.

ജനുവരി അവസാനമാണ് സംഭവം നടന്നത്. ഷൂട്ടിംഗ് കഴിഞ്ഞ് എറണാകുളത്ത് എത്തിയതേ ഉണ്ടായിരുന്നു. അപ്പോൾ ഒരു സുഹൃത്തായ ജോളി ജോസഫ് വിളിച്ചിട്ട് ജോൺ പോൾ സാർ വിളിച്ചിരുന്നുവെന്നും അത്യാവശ്യമായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോകണമെന്നും പറഞ്ഞുവെന്ന് കൈലാഷ് പറഞ്ഞു. കൂടെ കുറച്ചുപേർ ഉണ്ടായിരുന്നു. അവിടെ ചെന്നപ്പോൾ സാർ നിലത്ത് കിടക്കുന്നതാണ് കാണുന്നത്. 160 കിലോയോളം അദ്ദേഹത്തിന് ഭാരമുണ്ട്. അതിനാൽ തന്നെ സ്വന്തമായി എഴുന്നേൽക്കാൻ കഴിയാത്ത നിലയിലായിരുന്നു.

സാറിനെ നിലത്ത് നിന്ന് മാറ്റാൻ ടെക്‌നിക്കൽ സപ്പോർട്ട് വളരെയധികം ആവശ്യമായ സാഹചര്യമായിരുന്നു അത്. മാത്രമല്ല അദ്ദേഹത്തിന്റെ കൈകളിലും കാലുകളിലുമൊക്ക പിടിക്കുമ്പോൾ പുറം വേദന അനുഭവിക്കാറുമുണ്ടായിരുന്നു. തലയണകളും ബഡ് ഷീറ്റുകളും മറ്റും ഉപയോഗിച്ച് കഴിയാവുന്നത്ര തണുപ്പകറ്റാൻ നോക്കി. അതേസമയത്ത് തന്നെ ആംബുലൻസ് സേവനത്തിനായി ശ്രമിക്കുകയുമായിരുന്നു. ഒപ്പം ഫയർഫോ‌ഴ്‌സിന്റെ സഹായവും തേടുകയായിരുന്നു.

എന്നാൽ ആശുപത്രിയിലേക്ക് മാറ്റുന്നതിനായുള്ള സേവനം മാത്രമേ നൽകൂ എന്നതായിരുന്നു ആംബുലൻസ് അധികൃതരുടെ മറുപടി. ഒരു സ്‌ട്രെക്‌ചർ ഉണ്ടെങ്കിൽ അദേഹത്തെ ഉയർത്തി കട്ടിലിൽ കിടത്താനും പിന്നാലെ അദ്ദേഹത്തിന് എഴുന്നേൽക്കാനും സാധിക്കുമായിരുന്നു. തുടർന്ന് ഫയർഫോഴ്‌സിന്റെ സഹായം തേടിയപ്പോൾ ഇത്തരം കാര്യങ്ങൾക്കായി ആംബുലൻസിനെ സമീപിക്കൂ എന്നായിരുന്നു ഫയർഫോഴ്‌സ് അധികൃതർ പറഞ്ഞത്. ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ ഇരുവിഭാഗത്തിനും അനുവാദമില്ല എന്നാണ് താൻ മനസിലാക്കുന്നത്.

പത്ത് മണിയോടെയാണ് അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയത്. എല്ലാ ശ്രമങ്ങളും വിഫലമായപ്പോൾ പന്ത്രണ്ട് മണിയോടെ പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിക്കുകയും അവിടെ നിന്ന് രണ്ടു പൊലീസുകാർ എത്തുകയും ചെയ്തു. പിന്നാലെ അവരും പലരെയും സഹായത്തിനായി വിളിച്ചിട്ടും ഫലം കാണാതെ വന്നതോടെ ബൈപ്പാസിലെ മെഡിക്കൽ സെന്ററിൽ ഏറെ നേരം കാത്തിരുന്നതിനു ശേഷം ലഭിച്ച ആംബുലൻസുമായി എത്തിച്ചേരുകയായിരുന്നു. തുടർന്ന് വളരെ പണിപ്പെട്ട് ജോൺ പോൾ സാറിനെ സ്‌ട്രെക്‌ചറിൽ കിടത്തിയതിന് ശേഷം കട്ടിലിലേക്ക് മാറ്റുകയായിരുന്നു. വെളുപ്പിന് രണ്ട് മണിയോളം ആയിരുന്നു അപ്പോൾ. ഏകദേശം അഞ്ച് മണിക്കൂറോളമാണ് അദ്ദേഹം തറയിൽ തണുപ്പത്ത് കിടന്നത്. ഷർട്ട് ഇടാതെയാണ് അദ്ദേഹം കിടന്നിരുന്നത്.

ഇത്തരം ഒരു സാഹചര്യം അനുഭവിക്കേണ്ടി വരുന്നവർക്ക് ഏതെങ്കിലും ഒരു സംവിധാനത്തിലേക്ക് വിളിച്ച് സഹായം ലഭ്യമാക്കാനുള്ള അവസരമമുണ്ടാക്കിയാൽ നല്ലതായിരിക്കുമെന്ന് പിറ്റേന്ന് അദ്ദേഹം തന്നോട് പറഞ്ഞു. സർക്കാർ ഇത്തരം കാര്യങ്ങളിൽ കൂടി ശ്രദ്ധിച്ചാൽ ഈ അവസ്ഥയിൽ കടന്നുപോകേണ്ടി വരുന്നവർക്ക് സഹായകമാകുമെന്നും കൈലാഷ് പറഞ്ഞു.