
ഹിമകണം തൂവുമാ ഹരിതവനിയിലെ
കുളിരലയായി കക്കാട്ടാറ്......
കാനനച്ചോലകൾ കളകള
രവങ്ങളാൽ തളിർനൃത്തമാടും
പൂങ്കാവനിയിലെ പൊൻ വസന്തം
വർഷമേഘം ചൊരിയുന്ന നീർദളങ്ങൾ
വഹിച്ചുകൊണ്ടെങ്ങോ പോകുന്നു നീ......
തിരികെയൊന്നൊരിക്കലും നോക്കിടാതെ
എന്നിൽ തരളിതമാം
മനസിനെയൊന്നുപോൽ കണ്ടിടാതെ.....
ഹരിണങ്ങളെങ്ങും മുഖംമിനുക്കും നിന്റെ
മടിത്തട്ടിലൊക്കെയും മഴത്തുള്ളിയല്ലോ....
ചിന്നിച്ചിതറിയിങ്ങിറ്റു വീഴുമ്പോൾ
മാരിമുകിലിനും നിർവ്യതികൾ.....
വാനമിരുളുമ്പോൾ മൂളിപ്പാട്ടിമ്പത്തിൽ
മുരളികപോലവേ നീയൊഴുകുന്നു
ഒരു നുള്ളു താളത്തിൻ
തരംഗങ്ങളുയരുമ്പോൾ
ഒരു കുഞ്ഞു മനസുമായ്
നിന്നുപോയ് ഞാനെന്നും
പുലിപ്പുറത്തരുളുമിയയ്യന്റെ വഴികളിൽ
പനിനിർ ചോലയായ് നീയൊഴുകി
പൂങ്കാവനിയിലെ പുളകങ്ങളൊപ്പി നി
യെൻചാരവേ തുളുമ്പി നിങ്ങി
കക്കാട്ടാറേ കരിമുകിൽ വർണ്ണിനി
കാലങ്ങളെങ്ങും നിന്നൊപ്പമാവട്ടെ.....
