
ന്യൂഡൽഹി: യുക്രെയിനിൽ നിന്ന് റോഡ് മാർഗം റൊമാനിയയിലെത്തിയ വന്ദേ ഭാരത് എക്സ്പ്രസിന്റെ 128 ചക്രങ്ങൾ അടുത്ത മാസം എയർലിഫ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിക്കുമെന്ന് റെയിൽവേ. രാജ്യത്തെ ഏറ്റവും പുതിയ സെമി ഹൈസ്പീഡ് ഇന്റർസിറ്റി ഇഎംയു ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസിന്റെ റേക്കുകൾക്ക് വേണ്ടിയുള്ള വീൽ സെറ്റുകളുടെ ഇറക്കുമതിയ്ക്കായി യുക്രെയിൻ കമ്പനിയ്ക്കാണ് ഓർഡറുകൾ നൽകിയിരുന്നത്. എന്നാൽ റഷ്യൻ അധിനിവേശത്തെ തുടർന്ന് വീലുകളുടെ ഇറക്കുമതി തടസപ്പെട്ടിരുന്നു.
ഈ വർഷം അവസാനത്തോടെ രാജ്യത്തെ പ്രധാന റൂട്ടുകളിൽ 75 വന്ദേ ഭാരത് എക്സ്പ്രസ് ഓടിക്കാനാണ് റെയിൽവേ പദ്ധതിയിട്ടിരിക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കാനായി ഇപ്പോൾ ചെക്ക് റിപബ്ലിക്, പോളണ്ട്, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നും ചക്രങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ടെന്ന് റെയിൽവേ അറിയിച്ചു. ഈ രാജ്യങ്ങളെ കൂടാതെ ചക്രങ്ങൾ ഇറക്കുമതി ചെയ്യാൻ ചൈനയേയും സമീപിച്ചേക്കുമന്നൊണ് വിവരം. ഇത്തരം ചക്രങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ഉത്പാദകരാണ് യുക്രെയിൻ. എന്നാൽ റഷ്യയുമായുള്ള യുദ്ധമാണ് കമ്പനികളുടെ പ്രവർത്തനത്തെ ബാധിച്ചത്.
16 ദശലക്ഷം ഡോളർ ചെലവിൽ 36000 ചക്രങ്ങൾ ഇറക്കുമതി ചെയ്യാനാണ് യുക്രെയിൻ കമ്പനിയുമായി റെയിൽവേ ധാരണയിലെത്തിയിരുന്നത്. എന്നാൽ ചക്രങ്ങൾക്കായി ഇനിയും യുക്രെയിനെ ആശ്രയിച്ചാൽ തങ്ങളുടെ ലക്ഷ്യം കൃത്യ സമയത്ത് കൈവരിക്കാനാവില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഓർഡറുകൾ മറ്റ് രാജ്യങ്ങൾക്ക് കൂടെ നൽകിയത്.
രണ്ട് ട്രെയിനുകളുടെ ട്രയൽ റൺ നടത്താനാണ് ഇപ്പോൾ ചക്രങ്ങൾ റൊമാനിയയിലെത്തിച്ചിരിക്കുന്നത്. റെയിൽവേ മന്ത്രാലയത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ശ്രമഫലമായാണ് യുക്രെയിനിലെ ഡൈനിപ്രോപെട്രോവ്സ്‌കിലെ വീൽ ഫാക്ടറിയിൽ നിന്നുള്ള ഈ ചക്രങ്ങൾ ട്രക്കിൽ കയറ്റി റൊമാനിയയിലെത്തിച്ചത്.
അതേസമയം, വന്ദേ ഭാരത് ട്രെയിനുകളുടെ നിർമാണത്തിന് കാലതാമസമുണ്ടാകില്ലെന്നും ചക്രങ്ങളും ആക്സിലുകളും പോലുള്ള അവശ്യമായ എല്ലാ വസ്തുക്കളും കൃത്യസമയത്ത് തന്നെ എത്തിക്കുമെന്നും റെയിൽവേ ബോർഡ് ചെയർമാനും സിഇഒയുമായ വി കെ ത്രിപാഠി പറഞ്ഞു.