
കണ്ണൂർ: കൊലക്കേസ് പ്രതിയായ ആർ എസ് എസ് പ്രവർത്തകനെ ഒളിവിൽ താമസിപ്പിച്ച രേഷ്മയെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.പുന്നോൽ അമൃതവിദ്യാലയത്തിലെ അദ്ധ്യാപികയാണ് ധർമടം അണ്ടലൂർ ശ്രീനന്ദനത്തിൽ രേഷ്മ.
കൊലക്കേസ് പ്രതിയെ ഒളിവിൽ താമസിപ്പിച്ചതിനാണ് രേഷ്മയെ സസ്പെൻഡ് ചെയ്തതെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. അദ്ധ്യാപികയ്‌ക്കെതിരെ കൂടുതൽ നടപടികളുണ്ടായേക്കും. അതേസമയം ഇംഗ്ലീഷ് അദ്ധ്യാപികയായ രേഷ്മ രാജി സമർപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
വെള്ളിയാഴ്ച പുലർച്ചെയാണ് പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതിയായ നിജിൽദാസിനെ രേഷ്മയുടെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്ന് പൊലീസ് പിടികൂടിയത്. യുവതിയുടെ ഭർത്താവ് വിദേശത്താണ്. പ്രതിക്ക് വീട് നൽകിയ രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യം ലഭിച്ചിരുന്നു.