mullah-mohammad-yaqoob

കാബൂൾ: പാക് വ്യോമാക്രമണത്തിന് പിന്നാലെ അയൽരാജ്യങ്ങളിൽ നിന്നുള്ള ആക്രമണങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി അഫ്‌ഗാനിസ്ഥാൻ ആക്ടിംഗ് പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബ്. പാക് ആക്രമണത്തിൽ കുനാർ, ഖോസ്റ്റ് പ്രവിശ്യകളിൽ അനേകം പേർ‌ കൊല്ലപ്പെട്ടുവെന്ന് അഫ്‌ഗാൻ ഭരണകൂടം ആരോപിച്ചിരുന്നു.

ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽരാജ്യങ്ങളിൽ നിന്നും പ്രശ്നങ്ങളും വെല്ലുവിളികളും നേരിടുകയാണ്. കുനാർ മേഖലയിൽ നടന്ന ആക്രമണം ഇതിനുദാഹരണമാണെന്നും യാക്കൂബ് പറഞ്ഞു. താലിബാൻ സ്ഥാപകനും പിതാവുമായ മുല്ല മുഹമ്മദ് ഒമറിന്റെ ചരമവാർഷികത്തെ അനുസ്‌മരിച്ച് കാബൂളിൽ നടന്ന ചടങ്ങിലായിരുന്നു പരാമർശം. ദേശീയ താത്‌പര്യങ്ങൾ കണക്കിലെടുത്ത് ആക്രമണം സഹിച്ചു. എന്നാൽ ഇനി അതുണ്ടാകില്ലെന്നും യാക്കൂബ് വ്യക്തമാക്കി.

എന്നാൽ പാകിസ്ഥാനും അഫ്‌ഗാനും സഹോദര രാജ്യങ്ങളാണെന്നാണ് പാകിസ്ഥാൻ വക്‌താവ് വിഷയത്തിൽ പ്രതികരിച്ചത്. ഇരുരാജ്യങ്ങളിലെയും ഭരണകൂടവും ജനങ്ങളും ഭീകരപ്രവർത്തനങ്ങളെ ഗുരുതര ഭീഷണിയായി കാണുന്നു. അതിർത്തി കടന്നുള്ള ഭീകരത നേരിടാൻ ഇരു രാജ്യങ്ങളും സഹകരിക്കേണ്ടതുണ്ടെന്നും തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാക് വ്യോമാക്രമണത്തിൽ 36 പേർ കൊല്ലപ്പെട്ടുവെന്ന് അഫ്‌ഗാനിസ്ഥാൻ അധികൃതർ വ്യക്തമാക്കിയിരുന്നു. പാകിസ്ഥാൻ അംബാസിഡറെ വിളിച്ചുവരുത്തി അഫ്‌ഗാൻ ഭരണകൂടം ആക്രമണത്തിലെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.