
കട്ടപ്പന: വണ്ടന്മേട് പുറ്റടിയിൽ വീടിനു തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. 'ജ്യോതി സ്റ്റോഴ്സ്' എന്ന പേരിൽ അണക്കര അൽഫോൻസ ബിൽഡിംഗിൽ വ്യാപാരം നടത്തുന്ന ഇലവനാതൊടുകയിൽ രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുടുംബപ്രശ്നത്തെ തുടർന്നുള്ള ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം. ഇന്നു പുലർച്ചെ ഒരു മണിയോടെയായിരുന്നു ദാരുണസംഭവം. ഹോളിക്രോസ് കോളജിന് സമീപത്തായിരുന്നു ഇവരുടെ ഒറ്റമുറി വീട്. തീപിടിത്തമുണ്ടായതെങ്ങനെയെന്ന് വ്യക്തമല്ല.
പുലർച്ചെ ശ്രീധന്യയുടെ നിലവിളി കേട്ടാണ് വീടിനു തീപിടിച്ച വിവരം നാട്ടുകാർ അറിയുന്നത്. പൊള്ളലേറ്റ ശ്രീധന്യയെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചു. തുടർന്ന് പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. ഇവർ കൂടി എത്തിയ ശേഷമാണ് തീ അണച്ചത്.
രവീന്ദ്രനെയും ഉഷയെയും ആദ്യം കട്ടപ്പനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.രവീന്ദ്രന്റെയും ഉഷയുടെയും മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. കുടുംബപ്രശ്നങ്ങളെ ദമ്പതികളെ തീകൊളുത്തി ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് കട്ടപ്പന ഡിവൈ.എസ്.പി നിഷാദ്‌മോൻ പറഞ്ഞു. ഇന്നലെ കുടുംബ വാട്സാപ്പ് ഗ്രൂപ്പിൽ ആത്മഹത്യ ചെയ്യുകയാണെന്ന സന്ദേശം രവീന്ദ്രൻ അയച്ചിരുന്നു.