
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുക്കുന്നവരുടെ പാനലിൽ മാറ്റം വരുത്തി കെ റെയിൽ. സാമൂഹിക നിരീക്ഷകനായ ജോസഫ് സി മാത്യുവിനെ ഒഴിവാക്കി പകരം പരിസ്ഥിതി ഗവേഷകനായ ശ്രീധർ രാധാകൃഷ്‌ണനെയാണ് ഉൾപ്പെടുത്തിയത്.
ഇതോടെ പദ്ധതിയെ എതിർത്ത് സംസാരിക്കുന്നവരുടെ പാനലിൽ അലോക് കുമാർ വർമയും ആ ർ വി ജി മേനോനും ശ്രീധറുമായിരിക്കും ഉണ്ടായിരിക്കുക. ഇന്ത്യൻ റെയിൽവേ റിട്ടയേർഡ് ചീഫ് എഞ്ചിനിയറാണ് അലോക് കുമാർ വർമ്മ. കണ്ണൂർ ഗവ. കോളേജ് ഒഫ് എഞ്ചിനിയറിംഗിലെ പ്രിൻസിപ്പിലായിരുന്നു ഡോ. ആർ വി ജി മേനോൻ.
ഈ മാസം 28ന് രാവിലെ 11 മണിക്കാണ് സംവാദം നടക്കുക. താജ് വിവാന്തയിൽ വച്ച് നടക്കുന്ന സംവാദത്തിൽ ആറ് പേരാണ് പങ്കെടുക്കുന്നത്. പദ്ധതിയെ അനുകൂലിക്കുന്ന മൂന്ന് പേരുടെ പാനലിൽ നിന്നും ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലറായ സജി ഗോപിനാഥിനെയും മാറ്റിയിട്ടുണ്ട്.
അസൗകര്യമുണ്ടെന്ന അദ്ദേഹത്തിന്റെ നിർദേശത്തെ തുടർന്നാണ് ഒഴിവാക്കിയത്. പകരം കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കുഞ്ചെറിയ പി ഐസക്കിനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ട്രിവാൻഡ്രം ചേമ്പർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എസ് എൻ രഘുചന്ദ്രൻ നായർ, റിട്ടയേർഡ് റെയിൽവേ ബോർഡ് മെമ്പർ സുബോധ് കുമാർ ജയിൻ എന്നിവരും പദ്ധതിയെ അനുകൂലിച്ച് സംസാരിക്കും. ശാസ്ത്ര സാങ്കേതിക പ്രിൻസിപ്പൽ സെക്രട്ടറി കെ പി സുധീറാണ് സംവാദത്തിന്റെ മോഡറേറ്റർ.