covid

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. വൈകിട്ട് അഞ്ച് മണിക്ക് ചേരുന്ന യോഗത്തിൽ സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തും.

രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി നാളെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഇതിന്റെ കൂടി ഭാഗമായാണ് ഇന്ന് ഉന്നതതല യോഗം ചേരുന്നത്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഡൽഹി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ളത് കേരളത്തിലാണ്. 2712 കേസുകളാണ് ഏറ്റവും പുതിയ കേന്ദ്ര റിപ്പോർട്ടുകൾ പ്രകാരം കേരളത്തിൽ സ്ഥിരീകരിച്ചത്. എന്നാൽ പ്രതിദിനം 300ൽ താഴെ മാത്രം കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിക്കുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

കേസുകൾ കൂടുന്ന നിലയ്ക്ക് ഏറ്റവും കൂടുതൽ കണക്കുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ദിവസങ്ങളിൽ പട്ടിക പ്രസിദ്ധീകരിക്കും. കേസുകൾ വർദ്ധിക്കുകയാണോ പുതിയ റിപ്പോർട്ട് ചെയ്യപ്പെടുന്ന വൈറൽ പനിയ്ക്ക് കൊവിഡുമായി ബന്ധമുണ്ടോ എന്നീക്കാര്യങ്ങൾ യോഗത്തിൽ പരിശോധിക്കും. മുൻപുണ്ടായിരുന്നതുപോലെ കണക്കുകൾ പ്രസിദ്ധീകരിക്കുന്ന കാര്യത്തിലും വാക്‌സിനേഷൻ സംബന്ധിച്ചും യോഗത്തിൽ ചർച്ചയാകും.

നാലാം തരംഗത്തിന്റെ ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും ആരോഗ്യ വിദഗ്ദ്ധർ ഇത് സംബന്ധിച്ച് സ്ഥീരികരണം നൽകിയിട്ടില്ല. അതേസമയം, രാജ്യത്ത് പ്രതിവാര കൊവിഡ് കേസുകൾ ഇരട്ടിയായിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 15,000ത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 2593 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,30,57,545 ആയി ഉയർന്നു.ഇന്നലെ 44 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 5,22,193 ആയി.