നിഷ സയൻസ് ബിരുദധാരിയാണ്. ടെസ്റ്റുകളെഴുതി മടുത്തപ്പോൾ ഭർത്താവിന്റെ പ്രൊവിഷൻ സ്റ്റോറിൽ നടത്തിപ്പുകാരിയായി. നിഷ്‌ക്കളങ്കമായ ഭാവവും പുഞ്ചിരിയും. ഭർത്താവ് കലാധരൻ സ്നേഹമുള്ളവനാണെങ്കിലും ഭാര്യയുടെ പെരുമാറ്റത്തിന് മുന്നിൽ മങ്ങിപ്പോയി. സൂര്യപ്രകാശത്തിന് മുന്നിലെ ചന്ദ്രനെപ്പോലെ. കലാധരനെക്കാൾ നിഷ നിൽക്കുമ്പോഴാണ് ബിസിനസ് കൂടുതൽ. പുരുഷന്മാർ മാത്രമല്ല സ്‌ത്രീകളും അങ്ങനെ തന്നെപറയും. ഭാര്യയോട് ഇക്കാര്യത്തിൽ കലാധരന് അസൂയയോ ഈഗോയോ ഇല്ല. ചിലർ പാതി ഫലിതമായി ഈ വിഷയം പറയുമ്പോൾ കലാധരൻ ചുട്ടമറുപടി നൽകും. ആദ്യം എന്റെ ഭാര്യയായി വന്നശേഷമല്ലേ നിങ്ങൾക്ക് പ്രിയങ്കരിയായത്. അതിന്റെ ക്രെഡിറ്റെങ്കിലും എനിക്ക് തരാൻ ഇത്ര പിശുക്ക് എന്തിന്?
കലാധരനും ഈശ്വരവിശ്വാസിയാണെങ്കിലും നിഷയോളം ഭക്തി വരില്ല. എല്ലാ ദിവസവും സന്ധ്യാദീപാരാധനയ്ക്ക് അടുത്തുള്ള ദേവീക്ഷേത്രത്തിൽ പോകും. ഭ്രാന്തമായ ഭക്തിയാണല്ലോ എന്ന് ആദ്യകാലത്ത് യുക്തിവാദികളായ ചിലർ കളിയാക്കുമായിരുന്നു. അവരോട് നിഷ്ക്കളങ്കമായി നിഷ പുഞ്ചിരിയിൽ കോർത്ത മറുപടി നൽകും. പ്രകാശത്തിൽ നാം എല്ലാം കാണുന്നു. ആ പ്രകാശം തരുന്ന മുഖ്യശക്തിയായ സൂര്യനെ എന്തിന് നോക്കാതിരിക്കണം. കാണാതിരിക്കണം. അതു നന്ദികേടല്ലേ? ചോദ്യകർത്താക്കൾ കുഴങ്ങിപ്പോകും.
ഒരു ദിവസം വെളുപ്പാൻകാലത്ത് നിഷ ഭർത്താവിനോട് പറഞ്ഞു: ഞാനൊരു സ്വപ്നം കണ്ടു. അല്പം വിഷമിപ്പിക്കുന്ന സ്വപ്നം. എന്റെ മുതുകിൽ വലതുഭാഗത്ത് ഒരു മുഴയുണ്ടെന്ന്. പിന്നെ കേട്ടത് അമ്പലമണിനാദം മാത്രം. നമുക്കൊന്നു പരിശോധിച്ചാലോ? നിനക്കെന്തിന്റെ സൂക്കേടെന്നു കലാധരൻ കളിയാക്കിയെങ്കിലും അടുത്ത ദിവസം സമീപത്തുള്ള സർക്കാർ ആശുപത്രിയിൽ പരിശോധന. പരിശോധനകൾ നീണ്ടു. ഒടുവിൽ ആർ.സി.സിയിൽ വരെയെത്തി. വിശദവിവരങ്ങൾ ഡോക്ടർമാർ ചോദിച്ചപ്പോൾ കലാധരൻ നിഷയുടെ സ്വപ്നംകാണലും മറച്ചുവച്ചില്ല. അവർക്ക് അതിശയമായി. സ്വപ്നവും യാഥാർത്ഥ്യവും തമ്മിലുള്ള അതിർവരമ്പില്ല. രണ്ടും ഒന്നായ പോലെ. ഡോക്ടർമാർ പരസ്പരം നോക്കി. കീമോയും റേഡിയേഷനും വിവിധ ചികിത്സകളുമായി നീണ്ട രണ്ടു വർഷം. നിഷയുടെ മനോഹരമായ തലമുടി കൊഴിഞ്ഞു. മക്കളുടെ പഠനം, കട നടത്തൽ, സാമ്പത്തിക പരാധീനതകൾ അങ്ങനെ മുറിഞ്ഞും പരിക്കേറ്റും രണ്ടുവർഷം നീണ്ടപ്പോൾ കലാധരനും മക്കളും ചെറുതായി ഉലഞ്ഞുപോയി. നിഷ അവർക്ക് ധൈര്യം പകർന്നു. യഥാർത്ഥ ഭക്തിക്കും വിശ്വാസത്തിനും വജ്രത്തിന്റെ കാഠിന്യവും കാന്തിയുമുണ്ടെന്ന് പലർക്കും തോന്നി. പഴയകാല സമൃദ്ധിയെ ഓർമ്മിപ്പിക്കുന്ന മട്ടിൽ മുടിക്കുരുന്നുകൾ കിളിർത്തു വരുന്ന ശിരസിൽ നീണ്ട തൂവാല കെട്ടി നിഷ പഴയ പ്രസരിപ്പിൽ തിരിച്ചുവന്നപ്പോൾ നാട്ടുകാരും ഉറ്റവരും ആശ്വസിച്ചു. ഡോക്ടർമാർക്കും സന്തോഷം. വിവിധ മതക്കാരും ജാതിക്കാരും രാഷ്ട്രീയക്കാരും കടയിൽ വന്ന് ജീവിതദുരിതങ്ങൾ സംസാരമദ്ധ്യേ സൂചിപ്പിക്കുമ്പോൾ നിഷ ഓർമ്മിപ്പിക്കും: ഉറച്ച വിശ്വാസം അമിത വെള്ളം ചേർത്ത് പാലും വെള്ളവുമല്ലാത്ത രീതിയിലാക്കരുത്. ഏതു വിശ്വാസമായാലും ഉൗന്നുവടി പോലെയാണ്. കൈയിലുള്ളവനെ അത് രക്ഷിക്കും. ഉൗന്നുവടിയെടുത്ത് അന്യനെ തല്ലരുത്. അത് ദൈവനിന്ദയാണ്. പക്ഷെ ഒരു വിശ്വാസവും അന്ധവിശ്വാസമാകാതിരുന്നാൽ മതി .
(ഫോൺ: 9946108220)