
പ്രമുഖ ടെക് ഭീമനായ അപ്പിളിന് കടുത്ത തിരിച്ചടിയുമായി കോടതി വിധി. ചാർജറില്ലാതെ ഐ ഫോൺ വിൽക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി. മദ്ധ്യ ബ്രസീലിലെ ഗോയാസ് സംസ്ഥാനത്തിൽ നിന്നുള്ള റീജിയണൽ ജഡ്ജിയാണ് വിധി പറഞ്ഞത്.
ഐഫോൺ ബോക്‌സിൽ ചാർജർ ഉൾപ്പെടുത്താത്തത് അധിക്ഷേപകരവും നിയമവിരുദ്ധവുമാണെന്ന് ജഡ്‌ജി വിധിച്ചു. ആപ്പിളിനെതിരെ പരാതി നൽകിയ ഉപഭോക്താവിന് 1,080 ഡോളർ നഷ്ടപരിഹാരം നൽകാനും കോടതി നിർദേശിച്ചു.

ഐഫോണിന്റെ സാധാരണ പ്രവർത്തനത്തിന് അഡാപ്റ്റർ കൂടിയേ തീരു. ഇവ ഒഴിവാക്കുന്നത് പ്രാദേശിക ഉപഭോക്തൃ നിയമം ലംഘിക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി.
2020 ലാണ് ഐഫോണുകൾക്കൊപ്പം ചാർജിങ് അഡാപ്റ്റർ, ഹെഡ്‌സെറ്റ് എന്നിവ നൽകേണ്ടെന്ന് കമ്പനി തീരുമാനിച്ചത്. ഇ-മാലിന്യം കുറയ്ക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് തങ്ങളുടെ നീക്കമെന്നായിരുന്നു കമ്പനിയുടെ വാദം. എന്നാൽ കമ്പനിയുടെ ഈ വാദങ്ങളൊന്നും കോടതി മുഖവിലയ്‌ക്കെടുത്തില്ല.