
ന്യൂഡൽഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള നീക്കവുമായി ബിജെപി. ഇത് സംബന്ധിച്ച ബിൽ ഒരു വർഷത്തിനുള്ളിൽ നടപ്പാക്കിയേക്കും. വിഷയം സജീവ ചർച്ചയിൽ കൊണ്ടുവരുന്നതിനായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ശ്രമം ആരംഭിച്ചതായാണ് റിപ്പോർട്ട്.
ഏകീകൃത സിവിൽ കോഡ് നടപ്പാകുന്നതോടെ വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ എന്നിവ പൊതുനിയമത്തിന് കീഴിൽ വരും. ഇവയിൽ മതാടിസ്ഥാനത്തിൽ പ്രത്യേക സംവിധാനം ഉണ്ടായിരിക്കുകയില്ല.
ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് ബിജെപി മുഖ്യമന്ത്രിമാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ബിജെപിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്‌ദ്ധാനമായ ഏകീകൃത സിവിൽ കോഡ് ഉടൻ തന്നെ നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശിൽ നടന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
ഉത്തരാഖണ്ഡിൽ നടപ്പാക്കുന്ന ഏകീകൃത സിവിൽ കോഡ് പൈലറ്റ് പദ്ധതിയാണ്. സിഎഎ, രാമക്ഷേത്രം, മുത്തലാഖ്, ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളയൽ എന്നീ വിഷയങ്ങൾ പരിഹരിച്ചു. ഇനി ഏകീകൃത വ്യക്തി നിയമം നടപ്പിലാക്കാനുള്ള സമയമാണെന്നും അമിത് ഷാ യോഗത്തിൽ പറഞ്ഞിരുന്നു. എല്ലാക്കാര്യങ്ങളും അതിന്റേതായ സമയത്തിന് നടക്കുമെന്നും പ്രവർത്തകർ പാർട്ടിയ്ക്ക് ദോഷം വരുത്തുന്നതൊന്നും ചെയ്യരുതെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
ഏകീകൃത സിവിൽ കോഡിന്റെ കരട് തയ്യാറാക്കുന്നതിനായി സംസ്ഥാനത്ത് ഉന്നതതല കമ്മിറ്റി രൂപീകരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പറഞ്ഞിരുന്നു. സംസ്ഥാനത്തെ സാമുദായിക സൗഹൃദം തകർക്കാൻ അനുവദിക്കില്ല. ഉത്തരാഖണ്ഡിൽ സിവിൽ കോഡ് നടപ്പിലാക്കിയാൽ മറ്റ് സംസ്ഥാനങ്ങളും ഇത് പിന്തുടരുമെന്നും ധാമി പറഞ്ഞു. അടുത്തിടെ നടന്ന ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന വാഗ്‌ദ്ധാനമായിരുന്നു ഏകീകൃത സിവിൽ കോഡ്.
ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് സംസ്ഥാന സർക്കാർ ഗൗരവമായി കാണുന്നുണ്ടെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും പറഞ്ഞു. രാജ്യത്തും സംസ്ഥാനത്തും ഇത് അതിവേഗം നടപ്പിലാക്കാനുള്ള ആലോചനയിലാണെന്നും മൗര്യ കൂട്ടിചേർത്തു. പിന്നാലെ ഏകീകൃത സിവിൽ കോഡ് മികച്ച തീരുമാനമാണെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂറും പറഞ്ഞു. സർക്കാർ വിഷയം പരിശോധിക്കുകയാണെന്നും നടപ്പിലാക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അസാം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയും സമാന പ്രസ്താവനയിറക്കി.
ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ വിവിധ വശങ്ങൾ പരിശോധിക്കുന്നതിനായി കമ്മിറ്റി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ അജയ് പ്രതാപ് സിംഗ് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാന് കത്തയക്കുകയും ചെയ്തു.